Oman

ഒമാനില്‍ ഭൂചലനം; 5.1 തീവ്രത

തെക്കന്‍ ഒമാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഷാലിം വിലായത്തില്‍ ഹല്ലാനിയത്ത് ദ്വീപുകള്‍ക്ക് സമീപമായാണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

സലാലയില്‍ നിന്ന് ഏകദേശം 155 കിലോമീറ്റര്‍ വടക്കുകിഴക്കായി 4 കിലോമീറ്റര്‍ ആഴത്തില്‍ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.