Kerala

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങ്; പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വി ഡി സതീശന്റെ പേര് വെട്ടിയത്. ശശി തരൂര്‍ എംപിയുടേയും വിഴിഞ്ഞം എംഎല്‍എ എം.വിന്‍സന്റിന്റെയും പേര് ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്.

തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോൾ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രയൽ റൺ ഉദ്ഘാടനത്തിൽനിന്ന് ഒഴിവാക്കി. ഇതേ മാതൃകയിലാണു കമ്മിഷനിങ് ചടങ്ങിലും പ്രതിപക്ഷ നേതാവിനെ വെട്ടിയത്. നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരിക്കുന്നത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

എന്നാൽ, കോൺഗ്രസ് നേതാക്കളായ സ്ഥലം എംപി ശശി തരൂർ, എംഎൽഎ എം.വിൻസെന്റ് എന്നിവർ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച പട്ടിക അന്തിമമാക്കി തിരിച്ചുവന്നിട്ടില്ല.