ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലെ ശ്രീനാഥ് ഭാസിയുടെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ലഹരി വിമുക്ത ചികിത്സ പൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.
ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. റിയാലിറ്റി ഷോ താരം ജിൻ്റോ , സിനിമാ നിർമാതാവിൻ്റെ സഹായി ജോഷി എന്നിവർക്കാണ് ഇന്ന് ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയത്.