നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മോതിരക്കണ്ണി പരിയാരം മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 ) എന്നയാൾക്കാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
പോക്സോ ആക്ട് 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), പോക്സോ ആക്ട് സെക്ഷൻ 9, 10 പ്രകാരം 5 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 5 മാസം കഠിന തടവ് അനുഭവിക്കണം), ഐപിസി സെക്ഷൻ 354 എ പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവും അനുഭവിക്കണം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
അതേസമയം പിഴ അതിജീവിതയ്ക്ക് നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്.