ന്യൂഡല്‍ഹി: പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ സൈനികനടപടി ഉടനുണ്ടാകുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാര്‍. 36 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരം ലഭിച്ചതായി അത്താവുള്ള തരാര്‍ പറഞ്ഞു. അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്താന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന് പാക് മന്ത്രി മുന്നറിയിപ്പ് നല്‍കി.
പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് തരാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മേഖലയിലുണ്ടാകുന്ന ഏതൊരു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും് ഇന്ത്യ ഉത്തരവാദിയാകുമെന്നും ഇദ്ദേഹം പറയുന്നു.
”പാകിസ്താന്‍ ഭീകരതയുടെ ഇരയാണെന്നും ഈ വിപത്തിന്റെ വേദന അവര്‍ക്ക് ശരിക്കും മനസ്സിലാകുമെന്നും പാക് മന്ത്രി കുറിച്ചിട്ടുണ്ട്. ലോകത്തെവിടെയും അതിന്റെ എല്ലാ രൂപത്തലുമുള്ള പ്രകടനം തങ്ങള്‍ അപലപിച്ചിട്ടുണ്ടെന്നും പറയുന്നു. സത്യം കണ്ടെത്തുന്നതിനായി വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ പാകിസ്താന്‍ തുറന്ന മനസ്സോടെ വിദഗ്ധരുടെ നിഷ്പക്ഷ കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും പറഞ്ഞു”.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. സേനകളില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപടികള്‍ക്കായി സേനകള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനസ്വാതന്ത്ര്യം (ഓപ്പറേഷണല്‍ ഫ്രീഡം) നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുരക്ഷാനടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.