Kerala

മരിച്ചാലും മുടങ്ങില്ല പെൻഷൻ; ഇക്കുറി ‘പരേതർ’ വാങ്ങിയത് നാല് ലക്ഷത്തിൽ മേലെ!!

സാമുഹിക പെൻഷൻ കിട്ടുന്നില്ലെന്ന പരാതിയാണ് പൊതുവെ നമ്മൾ കേൾക്കാറുല്ളത്. എന്നാൽ മരിച്ചാലും പെൻഷൻ മുടങ്ങാത്ത ചില പരേതരുണ്ട്. 2023 – 24 വർഷത്തെ പദ്ധതി അവലോകനം ചെയ്‌ത് സംസ്ഥാന ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ കണ്ണൂർ കോർപ്പറേഷനുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോർട്ടിലാണ് ഇത്തരത്തിൽ അസാധാരണമായ പരേത പെൻഷനുകൾ. കോർപ്പറേഷന് പക്ഷെ ഇതാദ്യമല്ല 2022 – 23 വർഷത്തിന്‍റെ തനിയാവർത്തനം തന്നെയാണിപ്പോഴും തുടരുന്നുവെന്നാണ് കണക്കുകള്‍.

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ മാത്രം സാമൂഹിക പെൻഷൻ ഇനത്തിൽ ‘പരേതർ’ ഇക്കുറി വാങ്ങിയത് 4,45,300 രൂപയാണ്. വാർധക്യകാല പെൻഷൻ ഇനത്തിൽ മാത്രം പരേതർ 3,42,300 രൂപ കൈപ്പറ്റി. വിധവാ പെൻഷൻ 85,400 രൂപയും മരിച്ച് പോയവരുടെ പേരിൽ വാങ്ങിയിട്ടുണ്ട്. വികലാംഗ പെൻഷൻ 6,400 രൂപയും കർഷകൻ 11,200 രൂപയും ഇത്തരത്തിൽ നൽകിയിട്ടുണ്ട്.

2022 – 23 വർഷത്തെ റിപ്പോർട്ട്:

കോർപ്പറേഷനിൽ സാമൂഹിക പെൻഷൻ ഇനത്തിൽ പരേതർ വാങ്ങിയത് – 74,8200

വാർധക്യകാല പെൻഷൻ – 66,1000

വിധവ പെൻഷൻ – 41,200

കർഷക തൊഴിലാളി പെൻഷൻ-39600

50 വയസ് കഴിഞ്ഞ അവിവാഹിതർ – 1,600

ഭിന്നശേഷിക്കാർ – 4800

ഇതിന് മുമ്പേയും ഇത്തരം വിവരങ്ങൾ പുറത്തുവന്നിട്ടും വീണ്ടും തെറ്റ് വന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്‌ചയാണ് എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അനർഹമായ പെൻഷൻ തിരിച്ച് പിടിച്ച് സർക്കാരിലേക്ക് മുതൽക്കൂട്ടാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. മരിച്ച വ്യക്തിയുടെ പേര് വിവരം രജിസ്‌റ്റർ ചെയ്‌തിട്ടും ഗുണഭോക്താവിന്‍റെ പേരിൽ അനുവദിച്ച 14,04,900 രൂപ തടഞ്ഞ് വച്ചതും ഇതിൽ പെടുന്നു. മസ്‌റ്ററിങ് പൂർത്തിയാക്കുകയോ ഹോം മസ്‌റ്ററിങ്ങിന് അപേക്ഷിക്കുകയോ ചെയ്യാതിരുന്നതിനാലാണ് അത് സംഭവിച്ചത്. ഈ തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

മരിച്ച മാസം വരെയുള്ള കുടിശിക മാത്രമേ അവകാശികൾക്ക് നൽകാൻ വ്യവസ്ഥയുള്ളു എങ്കിലും മരണത്തിന് ശേഷം പെൻഷൻ നൽകിയത് അനധികൃതമായാണ്. പെൻഷൻ കൈപ്പറ്റുന്നവർ മരിച്ചു എന്ന വിവരം യഥാസമയം ഡാറ്റാ ബേസിൽ നിന്ന് ഒഴിവാക്കാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. ഇത് സംബന്ധിച്ച ഓഡിറ്റ് അന്വേഷണത്തിന് സെക്രട്ടറി മറുപടി നൽകിയില്ലെന്നും വിമർശനം ഉണ്ട്.

ഇത്തരം പ്രശ്‌നം ഒഴിവാക്കാൻ മരണ രജിസ്ട്രേഷൻ പോർട്ടൽ പെൻഷൻ പോർട്ടലുമായി ബന്ധിപ്പിച്ച് മരണ വിവരം രജിസ്‌റ്റർ ചെയ്യുമ്പോൾ തന്നെ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Latest News