പച്ചപ്പ് നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്, മേഘമേലാപ്പിൽ നിന്ന് ആത്മാവിലേക്ക് പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം കാണാൻ പോയാലോ. അതെ സഞ്ചാരികൾക്കായി നവീകരണം പൂർത്തിയായ കർണാടകയിലെ, സ്വപ്നതുല്യമായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നുമുതൽ തുറക്കുകയാണ്.നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയശേഷം നവീകരണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്, ശാരാവതി നദിയിൽനിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഷിമോഗ ജില്ലയിലാണ്. ആഭ്യന്തര-വിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്. ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ജോഗിലേക്ക് സഞ്ചാരികൾ കൂടുതൽ എത്തുന്നത്.എത്ര തവണ കണ്ടാലും ഓരോ നോക്കിലും പുത്തൻ ഭാവങ്ങളും കാഴ്ചകളും പകരുന്ന ജോഗ് ഫാൾസ് ഒരിക്കൽ മനസ്സിൽ കയറിയാൽ പിന്നീടൊരിക്കലും ഇറങ്ങിപ്പോകില്ല. ഈ അനുഭവം സ്വന്തമാക്കാൻ ജോഗ് സഞ്ചാരികലെ വിളിക്കുകയാണ്.