Sports

ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു; വിടവാങ്ങിയത് അഭിനവ് ബിന്ദ്രയുടെ മുഖ്യ പരിശീലകന്‍ | Sunny Thomas

അഞ്ചുതവണ ഷൂട്ടിങ്ങില്‍ സംസ്ഥാന ചാംപ്യനും 1976 ദേശീയ ചാംപ്യനുമായിരുന്നു

കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്.

ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബ്രിന്ദ്ര ഇന്ത്യയ്ക്കായി ആദ്യമായി സ്വര്‍ണം നേടുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ് ആയിരുന്നു. ഇതിന് പുറമേ ഈ ഇനത്തില്‍ വെള്ളി മെഡലുകള്‍ നേടിയതും സണ്ണി തോമസിന്റെ കാലത്തായിരുന്നു. അഞ്ചുതവണ ഷൂട്ടിങ്ങില്‍ സംസ്ഥാന ചാംപ്യനും 1976 ദേശീയ ചാംപ്യനുമായിരുന്നു സണ്ണി തോമസ്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാംപ്യനാണ് സണ്ണി തോമസ്.

1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു.  കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. സണ്ണി തോമസ് ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയാണ് ഭാര്യ.

content highlight: Sunny Thomas