ഫോബ്സിന്റെ എക്സ്ക്ലൂസീവ് 100 ബില്യൺ ക്ലബ്ബിലേക്ക് തിരികെയെത്തിയിരിക്കുകയാണ് മുകേഷ് അംബാനി. വെറും ഒരു വർഷം കൊണ്ടാണ് അംബാനി ഈ നേട്ടം കൊയ്തത്. പുതിയ ഫോബ്സ് റിയൽ ടൈം ബില്യണയർ ലിസ്റ്റിൽ മുകേഷ് അംബാനിയുെട ആസ്തി മൂല്യം 105.6 ബില്യൺ ഡോളറാണ്. നിലവിൽ ലോകധനികരിൽ അദ്ദേഹത്തിന് 14ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷമായിരുന്നു ഫോബ്സിന്റെ 100 ബില്യൺ ലിസ്റ്റിൽ നിന്ന് മുകേഷ് അംബാനി പുറത്തായത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഇന്ത്യയിലെയും, ഏഷ്യയിലെ തന്നെയും ഏറ്റവും ധനികനായ വ്യക്തിയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിലുണ്ടായ കുതിപ്പാണ് അംബാനിയുടെ ആസ്തി ഉയരാനുണ്ടായ പ്രധാന കാരണം. കഴിഞ്ഞ വാരം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ബി.എസ്.ഇയിൽ 8% നേട്ടമാണുണ്ടാക്കിയത്. ഇതിലൂടെ അംബാനിയുടെ ആസ്തിയിൽ 7 ബില്യൺ ഡോളറുകളുടെ വർധനയാണുണ്ടായത്.
റിലയൻസ് കമ്പനികളുമായി ബന്ധപ്പെട്ട പോസിറ്റീവായ വിലയിരുത്തലുകളും റിലയൻസ് ഓഹരി വില വർധിക്കുന്നതിന് കാരണമായി. മികച്ച നാലാം പാദഫലങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. കമ്പനിയുടെ ഡിജിറ്റൽ സർവീസസ്, റീടെയിൽ ബിസിനസുകൾ ഓയിൽ -ടു-കെമിക്കൽ ബിസിനസിലെ മാർജിൻ സമ്മർദ്ദം കുറയക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
റിലയൻസ് റീടെയിൽ സ്ഥിരമായി നേടുന്ന വളർച്ച, ടെലികോം മേഖലയിൽ ജിയോ നേടുന്ന വളർച്ച, റിലയൻസിന്റെ ഭാവി സാധ്യതയുള്ള ഗ്രീൻ എനർജി പ്രൊജക്ടുകൾ തുടങ്ങിയവ നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസം വർധിപ്പിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. ആഗോള ബ്രോക്കിങ് സ്ഥാപനങ്ങളായ ജെ.പി മോർഗൻ, യു.ബി.എസ് എന്നിവ റിലയൻസിന്റെ ലക്ഷ്യവില ഉയർത്തി നിശ്ചയിച്ചിട്ടുമുണ്ട്. ഉയർന്ന മൂലധനച്ചിലവുകൾ ആശങ്ക നൽകുന്നുവെങ്കിലും റീടെയിൽ-ഡിജിറ്റൽ മേഖലകളിൽ കമ്പനി നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ
ആന്ധ്രാപ്രദേശിൽ 7.6 ബില്യൺ ഡോളറിന്റെ ഭീമൻ ബയോഗ്യാസ് പ്രൊജക്ട് കമ്പനി പ്രഖ്യാപിച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ചുവടു വെയ്പായി മാറി. ഓയിൽ ബിസിനസിൽ നിന്ന് രാജ്യത്ത് വളർച്ചാ സാധ്യതയുള്ള റീടെയിൽ, ടെലികോം, ഫിനാൻഷ്യൽ, ഡിജിറ്റൽ സർവീസ് അടക്കമുള്ള മറ്റ് സെക്ടറുകളിലേക്ക് അതിവേഗമാണ് റിലയൻസ് പടർന്നു പന്തലിച്ചത്.ഫോബ്സ് ബില്യണയർ റാങ്കിങ്ങിൽ ഗൗതം അദാനിയുടെ ആസ്തി 62.1 ബില്യൺ ഡോളറാണ്.