india

രാജ്യത്ത് ഇനി 28 ഗ്രാമീണ ബാങ്കുകള്‍ മാത്രം:ബാങ്ക് ലയനം വീണ്ടും!!

ഇന്ത്യയിൽ വീണ്ടും ബാങ്കുകൾ ലയിക്കുന്നു. പ്രാദേശിക ബാങ്കുകളുടെ സേവനം മികച്ചതാക്കുകയാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 15 പ്രാദേശിക ഗ്രാമീണ ബാങ്കുകളെയാണ് കേന്ദ്രം ലയിപ്പിച്ചിരിക്കുന്നത്.ഇന്നു മുതല്‍ രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ എണ്ണം 43 ല്‍ നിന്ന് 28 ആയി കുറയും. കേന്ദ്രത്തിന്റെ ഒരു സംസ്ഥാനം- ഒരു ആര്‍ആര്‍ബി നയത്തിന്റെ ഭാഗമാണ് ലയനം. ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ള റീജിണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബി) ആണ് ഈ ലയനത്തിന്റെ ഭാഗമായിരിക്കുന്നത്. മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍ ഇനി മുതല്‍ ഒരു ആര്‍ആര്‍ബി മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ ലയന നീക്കം ഓരോ സംസ്ഥാനത്തും നിലവിലുള്ള എല്ലാ ആര്‍ആര്‍ബികളെയും സംയോജിപ്പിച്ച് ശക്തമായ ഒരു ബാങ്ക് സൃഷ്ടിക്കപ്പെടും. ഇത് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തും.
ആന്ധ്രാപ്രദേശിലെ നാല് ആര്‍ആര്‍ബികള്‍ (ചൈതന്യ ഗോദാവരി ഗ്രാമീണ്‍ ബാങ്ക്, ആന്ധ്ര പ്രഗതി ഗ്രാമീണ്‍ ബാങ്ക്, സപ്തഗിരി ഗ്രാമീണ്‍ ബാങ്ക്, ആന്ധ്രാപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്ക്) ലയിച്ച് ആന്ധ്രാപ്രദേശ് ഗ്രാമീണ്‍ ബാങ്ക് ആയി. ഹെഡ് ഓഫീസ് അമരാവതിയിലായിരിക്കും. സ്‌പോണ്‍സര്‍ ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയായിരിക്കും.

ഉത്തര്‍പ്രദേശില്‍, ബറോഡ യുപി ബാങ്ക്, ആര്യവര്‍ത്ത് ബാങ്ക്, പ്രതം യുപി ഗ്രാമീണ്‍ ബാങ്ക് എന്നിവ ലയിച്ചു. ഉത്തര്‍പ്രദേശ് ഗ്രാമീണ്‍ ബാങ്ക് ആണ് രൂപീകരിഷക്കപ്പെടുന്നത്. ഹെഡ് ഓഫീസ് ലഖ്നൗവിലായിരിക്കും. സ്‌പോണ്‍സര്‍ ബാങ്ക് ബറോഡ ബാങ്ക് ആയിരിക്കും.

പശ്ചിമ ബംഗാളില്‍, ബംഗിയ ഗ്രാമീണ്‍ വികാസ് ബാങ്ക്, പശ്ചിമ ബംഗാള്‍ ഗ്രാമീണ്‍ ബാങ്ക്, നോര്‍ത്ത് ബംഗാള്‍ റീജിയണല്‍ റൂറല്‍ ബാങ്ക് എന്നിവ ലയിപ്പിച്ച് പശ്ചിമ ബംഗാള്‍ ഗ്രാമീണ്‍ ബാങ്ക് രൂപീകരിച്ചു.

ബീഹാറില്‍, സൗത്ത് ബീഹാര്‍ ഗ്രാമീണ്‍ ബാങ്ക്, നോര്‍ത്ത് ബീഹാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവ ലയിപ്പിച്ച് ബീഹാര്‍ ഗ്രാമീണ്‍ ബാങ്ക് രൂപീകരിക്കും. സ്‌പോണ്‍സര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആയിരിക്കും.

ഗുജറാത്തില്‍, ബറോഡ ഗുജറാത്ത് ഗ്രാമീണ്‍ ബാങ്കും സൗരാഷ്ട്ര ഗ്രാമീണ്‍ ബാങ്കും ലയിപ്പിച്ച് ഗുജറാത്ത് ഗ്രാമീണ്‍ ബാങ്കായി മാറും.

ജമ്മു കശ്മീരില്‍, ജമ്മു & കെ ഗ്രാമീണ്‍ ബാങ്കും എല്ലാക്വായ് റൂറല്‍ ബാങ്കും ലയിച്ച് ജമ്മു & കശ്മീര്‍ ഗ്രാമീണ്‍ ബാങ്കായി മാറും. ആസ്ഥാനം ജമ്മുവില്‍ തന്നെ തുടരും.

കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് ആര്‍ആര്‍ബികള്‍ വീതം ലയിപ്പിച്ച് ഓരോ പുതിയ ആര്‍ആര്‍ബി രൂപീകരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ആര്‍ബിയുടെ അംഗീകൃത മൂലധനം 2,000 കോടി രൂപയായിരിക്കും. ലയനം പുതിയ ബാങ്കുകളുടെ മാനേജ്‌മെന്റും പ്രവര്‍ത്തനവും മെച്ചപ്പെടുത്തും. ബാങ്കുകളുടെ ലയനം ശേഷി വര്‍ധിപ്പിക്കുന്നതിനാല്‍ കൂടുതല്‍ വലിയ വായ്പകളും മറ്റും അനുവദിക്കാന്‍ സാധിക്കും. ഇത് ബാങ്കിന്റെ വളര്‍ച്ചയും വേഗത്തിലാക്കും.

Latest News