Kerala

കയ്യടിക്കെടാ !!വേടന്‍ പറഞ്ഞു കേട്ടോ ?: ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചും പ്രതികരിക്കേണ്ടയാളാണെന്ന്; കാമുകിക്ക് വേണ്ടിയാണ് മോണലോവ എഴുതിയത്; ഇരുട്ടി വെളുത്തപ്പോള്‍ വില്ലനില്‍ നിന്ന് വേടന്‍ നായകനിലേക്ക്

നാല് ദിവസം മുമ്പ് വേടന്റെ ഫ്‌ളാറ്റിലേക്ക് ഇരച്ചു കയറിയ പോലീസും പിന്നാലെ എത്തിയ ഫോറസ്റ്റു വകുപ്പുമൊക്കെ ഇപ്പോള്‍ അന്തം വിട്ടു നില്‍ക്കുകയാണ്. ഇന്നലെ വരെ വില്ലനായിരുന്ന വേടന്‍ ഇന്നിതാ നയാകനായി മാറിയിരിക്കുന്നു. കഞ്ചാവും, പുലിപ്പല്ലും പൊടിപോലുമില്ല കണ്ടു പിടിക്കാനെന്ന അവസ്ഥ. ഇപ്പോള്‍ വിഷയത്തിലെ പ്രധാന വില്ലന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തോടെ വില്ലന്‍ വനംവകുപ്പാണെന്ന് ഉറപ്പിച്ചു. മോഹന്‍ലാലിന്റെ ആക്കൊമ്പും, സുരേഷ് ഗോപിയുടെ പുലിനഖവും ചിത്രത്തിലേക്ക് കയറിയതിനു പിന്നാലെയാണ് വേടന്റെ പേരിലുള്ള കേസും വഴക്കുമെല്ലാം ആവിയായി മാറിയത്. എന്തുകൊണ്ടാണ് വനംവകുപ്പ് വേടനെതിരേ ഇത്തരം നടപടികളിലേക്ക് നീങ്ങയതെന്ന് പരിശോധിക്കണമെന്ന് ശക്തമായാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നത്.

ഒരു പാവം വിഭാഗത്തില്‍പ്പെട്ട ആളാണ് വേടനെന്നും പറയുമ്പോള്‍ കാര്യങ്ങള്‍ വേടന് അനുകൂലമാണെന്നു തന്നെ പറയേണ്ടി വരും. പുലിപ്പല്ലല്ലേ, അണുബോംബൊന്നുമല്ലല്ലോ എന്നാണ് ജോണ്‍ബ്രിട്ടാസ് എം.പി കൂടി പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ പിന്തുണയും വേടന് ഉറപ്പിക്കാം. ഇതിനിടെ, വേടന്‍ മാധ്യമങ്ങളോട് തന്റെ പുതിയ പാട്ടിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. അത് തിരുത്താനുളള ശ്രമത്തിലാണ്. തന്നെ കണ്ട് ആരും പഠിക്കരുത്. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു വേടന്റെ പ്രതികരണം. വിവേചനമുള്ള സമൂഹമാണിതെന്നും സമൂഹത്തില്‍ ഇരട്ട നീതിയാണ് നടക്കുന്നത്.

അത് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇനിയും പ്രതികരിക്കുമെന്നും മൂര്‍ച്ചയുള്ള വരികള്‍ ഇനിയും പ്രതീക്ഷിക്കാം. ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. അത് നിങ്ങള്‍ കേള്‍ക്കുന്നു. അത്രതന്നെ. പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ട ആളാണ്’വേടന്‍. എനിക്കൊരു പ്രണയമുണ്ട്. ഇപ്പോഴാണ് പ്രണയിക്കാന്‍ തോന്നിയത്. അവള്‍ക്കു വേണ്ടിയാണ് മോണലോവ എന്ന അഗ്നിപര്‍വ്വതത്തെ കുറിച്ച് എഴുതിയത്. അതാണ് ആ പാട്ട്.

പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. തെളിവെടുപ്പ്,സ ചോദ്യം ചെയ്യല്‍, ശ്രീലങ്കന്‍ ബന്ധം, വിദേശത്തെ ബന്ധം അങ്ങനെ ആരുകേട്ടാലും ജയില്‍ ഇടിഞ്ഞാല്‍പ്പോലും പുറത്തിറങ്ങില്ലെന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ അതൊക്കെ വെറും ഭപ്പെടുത്തല്‍ കഥ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. അറസ്റ്റു ചെയ്തപ്പോഴും വേടന് മൈലേജുണ്ടായി. ഇപ്പോള്‍ പുറത്തു വന്നപ്പോഴും േേവടനു തന്നെയാണ് മൈലേജ്. വേടന്‍ പറയുന്നതു പോലെ, അയാളൊരു കലാകാരനാണ്. കലയുമായി അയാള്‍ ഇവിടെത്തന്നെയുണ്ടാകും. അരൊക്കെ ആയാളെ അറിഞ്ഞാലും ഇല്ലെങ്കിലും.

കാരണം, കാലഘട്ടത്തിന്റെ അനിവാര്യതയാണ് അയാള്‍ എന്ന് ചരിത്രം പറയുന്നണ്ട്. അതുകൊണ്ടാണ് ഈ കേസുകളിലൊന്നും അയാളെയും അയാളുടെ കലയെയും പിടിച്ചു കെട്ടാനാകാത്തത്.