Celebrities

സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, അത് ദിവ്യൗഷധമാണ്, പ്രായമാകുന്നത് തടയും: വെളിപ്പെടുത്തലുമായി നടി

സ്വന്തം മൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടി അനു അഗര്‍വാള്‍. നടന്‍ പരേഷ് റാവല്‍ തന്റെ കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് മോചനം നേടാന്‍ സ്വന്തം മൂത്രം കുടിച്ചുവെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. നടനെ പരിഹസിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. നടന്റെ വാദത്തെ പിന്തുണച്ചു കൊണ്ടാണ് അനു അഗര്‍വാളും എത്തിയിരിക്കുന്നത്.

മൂത്രത്തെ അമൃത് എന്നാണ് നടി വിശേഷിപ്പിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് താനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്ന് അനു അഗര്‍വാള്‍ പറഞ്ഞത്. പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു.

എന്നാൽ ഓർക്കേണ്ട ഒരു പ്രധാന കാര്യം, നിങ്ങൾ മുഴുവൻ മൂത്രവും കുടിക്കുന്നില്ല എന്നതാണ്. ചെറിയ അളവ് മാത്രമാണ് കുടിക്കുന്നത്‌. അത്‌ ദിവ്യ ഔഷധമായി കണക്കാക്കപ്പെടുന്നു. പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. ഞാൻ വ്യക്തിപരമായി അതിന്റെ ഗുണങ്ങൾ അനുഭവിച്ചിട്ടുണ്ട്.- അനു അ​ഗർവാൾ വിശദീകരിച്ചു.

എന്നാൽ ഇതിന്റെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നടി അതിനെ നിസ്സാരവൽക്കരിച്ചു. ശാസ്ത്രത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് അവർ ചോദിച്ചു. 200 വർഷം. യോഗ 10,000 വർഷമായി നിലവിലുണ്ട്. അപ്പോൾ നിങ്ങൾ ആരെയാണ് കേൾക്കുക? ഞാൻ തീർച്ചയായും ഇതിനെ പിന്തുണയ്ക്കുന്നുവെന്നും അനു അ​ഗർവാൾ കൂട്ടിച്ചേർത്തു.

ഷൂട്ടിം​ഗിനിടെയുണ്ടായ പരിക്ക് അതിവേഗം ഭേദമാകാന്‍ നടൻ അജയ് ദേവ്ഗണിന്റെ പിതാവ് വീരു ദേവ്ഗണ്‍ തന്നോട് സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ദേശിച്ചെന്ന് നടന്‍ പരേഷ് റാവല്‍ പറഞ്ഞിരുന്നു. രണ്ടരമാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് കരുതിയ തന്റെ പരിക്ക് ഒന്നരമാസം കൊണ്ട് ഭേദമായെന്നും പരേഷ് റാവല്‍ അവകാശപ്പെട്ടിരുന്നു.