കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ സൂപ്രണ്ട് ഡോ ശ്രീജയന്‍. പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല എന്നും ഈ സംഭവവുമായി ഇന്ന് നടന്ന മരണങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുൻപാണെന്ന് സൂപ്രണ്ട് പറഞ്ഞു.
മരിച്ച മൂന്ന് പേരിൽ ഒരാൾ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാൾ ക്യാൻസർ രോഗിയും മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് സൂപ്രണ്ട് വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയിൽ എത്തും മുൻപ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ഇന്നലെ രാത്രി ഏഴരയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടൻ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. അതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കുകയായിരുന്നു.