കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനിടെയുണ്ടായ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പിഎംഎസ്എസ് വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസില്‍ (ബാറ്ററി യൂണിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പൊട്ടിത്തെറിയും പുകപടലവുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45-ഓടെ താഴത്തെനിലയിലാണ് പുക ഉയര്‍ന്നത്.
സംഭവത്തിനിടെ അഞ്ചുപേര്‍ മരിക്കാനിടയായത് സംബന്ധിച്ചാണ് ദുരൂഹത ഉയര്‍ന്നത്. പുക ശ്വസിച്ചല്ല ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
എന്നാല്‍ ടി.സിദ്ദീഖ് എംഎല്‍എ അടക്കമുള്ളവര്‍ മരണത്തില്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്, കൊയിലാണ്ടി സ്വദേശി ഗംഗാധരന്, പശ്ചിമബംഗാളുകാരിയായ ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രന് എന്നിവരുടെ മരണകാരണം സംബന്ധിച്ചാണ് വ്യക്തത വരുത്തുക.
ഇതില്‍ ബംഗാള്‍ സ്വദേശി ഗംഗ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ശ്രമം നടത്തി മരിച്ചതിനാല്‍ ഇവരുടെ മൃതദേഹമടക്കം പോസ്റ്റുമോര്‍ട്ടം ചെയ്യും.