എത്തിപ്പെടുവാൻ ദുഷ്കരമാണെന്നറിഞ്ഞിട്ടും കല്ലും മുള്ളും താണ്ടി ഇവിടെ അവരെത്തുന്നു. ചിലർ ഭക്തിപൂർവം ദേവനെ കാണാനെത്തുമ്പോൾ മറ്റുചിലർ വിശ്വാസങ്ങളുടേയോ ആചാരങ്ങളുടെയോ ഭാഗമല്ലാതിരുന്നിട്ടുകൂടി ഒരു സംസ്കാരത്തെ അടുത്തറിയുവാനായി ഇവിടം എത്തുന്നു.
അതെ ഇത് ശൈവവിശ്വാസികളുടെ പ്രിയപ്പട്ട, സാഹസിക സഞ്ചാരികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന കേദാർനാഥ് ക്ഷേത്രം!!
ഉത്തരഖണ്ഡിലെ ഹിമാലയൻ പർവതനിരകളിലെ കേദാർനാഥിൽ മന്ദാകിനി നദിക്കരയിലായി സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം.മഞ്ഞിൽ പുതച്ചു നിൽക്കുന്ന ഹിമാലയ സാനുക്കള്‍ക്കിടയിൽ വിശുദ്ധിയുടെയും ഭക്തിയുടെയും കട്ടിയുള്ള തൂണായി തലയുയർത്തി നില്ക്കുന്നു കേദാർനാഥ്. കഥകളാലും കെട്ടുകഥകളാലും സമ്പന്നമാണ് ഇവിടം.മഹാഭാരത കാലത്ത് അജ്ഞാതവാസത്തിനിടെ പാണ്ഡവർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്നിടത്തു നിന്ന് തുടങ്ങുന്നു ഈ ക്ഷേത്രത്തെക്കുറിച്ചുള്ള കഥകൾ. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി വിശ്വാസികളോട് ചേർന്ന് നിൽക്കുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പിൽ നിന്നും 11,755 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിയിലെ ഏറ്റവും പുണ്യ സ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. എത്ര കഷ്ടപ്പാട് സഹിച്ചും ഇവിടേക്ക് വീണ്ടും വീണ്ടും എത്തിപ്പെടുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന നിഗൂഢതകൾ ഇവിടെ ഏറെയുണ്ട്.
വർഷത്തിൽ ആറുമാസക്കാലം മാത്രമേ ക്ഷേത്രദർശനം സാധ്യമാകൂ. ബാക്കി ആറുമാസക്കാലം അടഞ്ഞുകിടക്കുന്ന ക്ഷേത്രത്തിൽ നിത്യപൂജകൾ സമർപ്പിക്കുന്നത് നാരദ മഹർഷിയാണെന്നാണ് വിശ്വാസം. പഞ്ച പാണ്ഡവരാൽ നിർമിതമായ ഈ ക്ഷേത്രം ശ്രീ ശങ്കരാചാര്യരാൽ പുനർനിർമിക്കപ്പെട്ടു എന്നാണ് ഐതിഹ്യം.
ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ ശിവരൂപത്തിന് തലയില്ലത്രെ. ഇന്നത്തെ നേപ്പാളിലുള്ള ഭക്തപൂർ ദോലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് കേദാർനാഥിലെ ശിവന്റെ തലയുടെ ഭാഗം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനോടൊപ്പം പാർവ്വതിയെയും ഇവിടെ അര്‍ധനാരീശ്വര രൂപത്തിൽ ആരാധിക്കുന്നുണ്ട്.
2013 ലെ മഹാപ്രളയത്തിൽ ക്ഷേത്രം ഉൾപ്പെടെ ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപ്പാച്ചിലിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലമന്ദിരങ്ങളും കച്ചവടസ്ഥാപങ്ങളും ഒലിച്ചുപോയി.. പ്രളയത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായത് ക്ഷേത്രപരിസരത്താണെങ്കിലും ക്ഷേത്രത്തിനു കേടുപാടുകൾ ഒന്നും സംഭവിച്ചില്ല. അതിനു കാരണം ക്ഷേത്രത്തിനു പിന്നിൽ വന്നടിഞ്ഞ ഒരു കൂറ്റൻ പാറയാണ്.കുത്തൊഴുക്കിൽ വന്ന കല്ലുകളും മറ്റും ക്ഷേത്രത്തെ ബാധിക്കാത്ത രീതിയിൽ തടഞ്ഞു നിർത്തി സംരക്ഷിച്ചത് ഈ പാറയാണ്.ഈ ക്ഷേത്രവിസ്മയത്തെ ഇന്നും നമുക്ക് ദർശിക്കാൻ സാധിക്കുന്നത് തന്നെ ഈ ശില മൂലമാണെന്ന് പറയാം.അതിനാൽ തന്നെ ഇപ്പോൾ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ ഈ കൂറ്റൻ ശിലയെയും വണങ്ങുന്നു.ക്ഷേത്രത്തിന്റെ ഏകദേശ വീതിയുളള ഇത്രയും വലിയ ശില ക്ഷേത്രത്തിൽ വന്നിടിക്കാതെ കുറച്ചു മീറ്റർ അകലെമാത്രം വന്നു തടഞ്ഞു നിന്ന് മഹാ പ്രളയത്തിൽ നിന്ന് കേദാർ നാഥിനെ സംരക്ഷിച്ചത് ഒരു അദ്ഭുതമായി തുടരുന്നു.
ഗുപ്തകാശിയിലെ രുദ്രപ്രയാഗില്‍നിന്നും 86 കിലോമീറ്റര്‍ അകലെയാണ് കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടിയുള്ള റജിസ്ട്രേഷന്‍ ആവശ്യമാണ്. . ഗുപ്തകാശിയില്‍ നിന്നോ സോന്‍പ്രയാഗില്‍ ഉള്ള മെഡിക്കല്‍ സെന്‍ററുകളില്‍നിന്ന് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ ഈ യാത്ര അനുവദിക്കുകയുള്ളു. പൂർണ്ണ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ കാൽനടയായി ഇവിടേക്ക് പോകുവാൻ അനുമതിയുള്ളൂ. അല്ലാത്തലവർക്ക് ഹെലികോപ്‌റിനെ ആശ്രയിക്കേണ്ടി വരും. നടന്നാണെങ്കിൽ ഗൗരി കുണ്ഡില്‍ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.