india

ബെം​ഗളൂരു ട്രാഫിക്കിന് ആശ്വാസം: നമ്മ ഊര് മെട്രോ ഇനി ഇലക്ട്രോണിക്ക് സിറ്റിയിലും!!

ബെ​ഗളൂരു ട്രാഫിക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് ഐടി ഹബ്ബായ ഇലക്ട്രോണിക്ക് സിറ്റിയിലെ യാത്ര. എന്നാൽ ഇതിനൊരു പരിഹാരമാകാൻ പോവുകയാണ്. ഏറെ കാത്തിരുന്ന നമ്മ മെട്രോ ലൈൻ ഉടൻ തുറക്കും.ആയിരക്കണക്കിന് ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ യാത്രകളിൽ ഓരോ ദിവസവും മണിക്കൂറുകൾ ലാഭിക്കാൻ കഴിയുന്ന വിധത്തിൽ വരുന്ന യെല്ലോ ലൈൻ ഒരു ലൈഫ് സേവർ ആയിരിക്കും ഈ യെല്ലോ ലൈൻ.
ഏറ്റവും പുതിയ വാർത്തകളനുസരിച്ച് ബൊമ്മസാന്ദ്രയേയും ആർവി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ യെല്ലോ ലൈൻ അധികം വൈകാതെ തന്നെ പ്രവർനമാരംഭിക്കും. ഇവിടെ സർനീസ് നടത്താനുള്ള മൂന്നാമത്തെ ട്രെയിനിനുള്ള മൂന്ന് കോച്ചുകൾ കൊൽക്കത്തയിലെ ടിറ്റാഗഡ് ഫാക്ടറിയിൽനിന്ന് കയറ്റിയയച്ചു. ഇത് മെയ് പകുതിയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 29 ന്, ടിറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡ് മൂന്നാമത്തെ ട്രെയിൻ സെറ്റിന്റെ മൂന്ന് കാറുകൾ അയച്ചിരുന്നു, ശേഷിക്കുന്ന മൂന്ന് കാറുകൾ മെയ് 2 ന് ബെംഗളൂരുവിലേക്ക് കയറ്റി അയക്കുമെന്നും ആറ് കോച്ചുകളും മെയ് 15 ന് എത്തുമെന്നാണ് പ്രതീക്ഷ.
പുതിയ മൂന്നു ട്രെയിനുകൾ എത്തുന്ന മുറയ്ക്ക് തന്നെ സർവീസ് ആരംഭിക്കുവാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ ബിഎംആർസിഎൽ എംഡി മഹേശ്വര റാവു പറഞ്ഞിരുന്നു. യെല്ലോ ലൈൻ പ്രവർത്തനനമാരംഭിക്കുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഐടി ഹബ്ബ് ആയ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്ര തടസ്സരഹിതമാകും. ബൊമ്മസാന്ദ്രയിൽ നിന്നും ആറ് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന ഐടി ജീവനക്കാർ തന്നെയാവും ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ അനുഭവിക്കുവാൻ പോകുന്നത്. ഇവിടേക്കുള്ള ഹൊസൂർ റോഡിലും എലവേറ്റഡ് എക്സ്പ്രസ് വേയിലും കുരുക്ക് അനുഭവപ്പെടാത്ത ഒരു ദിവസം പോലുമില്ല. തിരക്കേറിയ സമയങ്ങളിൽ സെൻട്രൽ ബെംഗളൂരുവിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്രയ്ക്ക് റോഡ് മാർഗം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയാണ് വേണ്ടത്. സാധാരണ ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളാണെങ്കിൽ ട്രാഫിക് കുരുക്ക് പിന്നിടാനുള്ള സമയം കൂടി കണക്കാക്കി വേണം ഇറങ്ങുവാൻ. ഇൻഫോസിസ്, വിപ്രോ, എച്ച്‌സി‌എൽ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. യെല്ലോ ലൈൻ മെട്രോ ഈ യാത്രാ സമയം പകുതിയായി കുറയ്ക്കും.

19.15 കിലോമീറ്റർ നീളത്തിൽ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള ബെംഗളൂരു മെട്രോ യെല്ലോ ലൈനിന് 16 സ്റ്റേഷനുകളാണുള്ളത്. ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോര്‍ഡ്, ഇലക്ട്രോണികി സിറ്റി എന്നിങ്ങനെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളെ ബന്ധിപ്പിച്ചാണ് ഇത് വരുന്നത്. 6990 കോടി രപയാണ് യെല്ലോ ലൈൻ നിർമ്മാണ ചെലവ്. ഇതിൽ 1843 കോടി രൂപ ഭൂമിയേറ്റെടുക്കലിന് മാത്രം വേണ്ടിവന്നു. ആർ വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോങ്കസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹൊസ റോഡ്, ബെരതേന അഗ്രഹാര, കൊണപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്‌കുരു റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ മെട്രോ സ്റ്റേഷനുകൾ. ആർവി റോഡ് സ്റ്റേഷൻ ഗ്രീൻ ലൈനുമായും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ വരാൻ പോകുന്ന പിങ്ക് ലൈനുമായും ബന്ധിപ്പിക്കുന്ന ഇന്‍റർചേഞ്ച് മെട്രോ സ്റ്റേഷനുകളായിരിക്കും. ഡ്രൈവർ രഹിത ട്രെയിനുകളാണ് യെല്ലോ ലൈനിന്‍റെ പ്രത്യേകത. ആദ്യ ഘട്ടത്തിൽ 16 സ്റ്റേഷനുകളിൽ അഞ്ചെണ്ണം മാത്രം പ്രവർത്തനക്ഷമമാക്കി 20 മിനിറ്റ് യാത്രയാണ് ബിഎംആർസിഎൽ ഉദ്ദേശിക്കുന്നത്. ലഭ്യമാകുന്ന മൂന്ന് ട്രെയിനുകളാകും ആദ്യഘട്ടത്തിൽ വിന്യസിക്കുക. ആർവി റോഡ്, ജയദേവ ഹോസ്പിറ്റൽ, സിൽക്ക് ബോർഡ്, ഇൻഫോസിസ്, ബൊമ്മസാന്ദ്ര എന്നീ അഞ്ച് സ്റ്റേഷനുകളിലായിരിക്കും നിർത്തുക. തുടർന്ന് മുഴുവൻ ട്രെയിനുകളും വന്ന ശേഷം അടുത്ത വർഷത്തോടെ യെല്ലോ ലൈൻ പൂർണ്ണമായും പ്രവർത്തിച്ച് തുടങ്ങും.

Latest News