Business

ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ടുമായി അനിൽ അംബാനി

അനിൽ അംബാനി ശക്തമായ ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ്.ഇതിന്റെ മുന്നോടിയായി ഇന്ത്യയിലെ ഹരിതോർജ്ജ മേഖലയിലെ സാധ്യതകളിലേക്ക് പുതിയ ഒരു ചുവടു വെയ്പ് നടത്തിയിരിക്കുകയാണ് അനിൽ അംബാനി . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ സോളാർ പ്രൊജക്ടിലാണ് അനിൽ അംബാനി കമ്പനി ഒപ്പിട്ടിരിക്കുന്നത്. ഈ മേഖലയിലെ വൻകിട കമ്പനികളോട് ബിഡ്ഡിങ് യുദ്ധം നടത്തിയണ് അദ്ദേഹത്തിന്റെ കമ്പനി ഈ പ്രൊജക്ട് നേടിയെടുത്തത്.
അനിൽ അംബാനിയുടെ റിലയൻസ് പവർ എന്ന കമ്പനിയുടെ സബ്സിഡിയറിയായ, റിലയൻസ് എൻ.യു സൺടെക് എന്ന കമ്പനി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി 25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെന്റിലാണ് (PPA) ഏർപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച്ച നൽകിയ എക്സ്ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

465 മെഗാവാട്ട് (MW)/1860 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) ബന്ധപ്പെട്ട് 930 മെഗാവാട്ട് സോളാർ പവർ സപ്ലൈ നടത്തുകയാണ് ചെയ്യുക. ഏകദേശം 10,000 കോടി രൂപ മൂലധന നിക്ഷേപത്തിലൂടെ അടുത്ത 24 മാസങ്ങൾക്കകം പ്രൊജക്ട് ഡെവലപ്മെന്റ് നടത്തും. ഒരു kiloWatt hour (kWh) ന് 3.53 രൂപഎന്ന ഫിക്സഡ് താരിഫിലാണ് കരാർ.

ഇന്ത്യയിലെ തന്നെ അതീവ പ്രാധാന്യമുള്ള, ദീർഘകാല ഹരിതോർജ്ജ കരാറാണിതെന്ന് വിലയിരുത്തപ്പെടുന്നു. 930 മെഗാവാട്ട് ശേഷി കൈവരിക്കാൻ റിലയൻസ് എൻ.യു സൺടെക് 1,700 MWp ശേഷിയുള്ള സോളാർ ജനറേഷൻ ശേഷി കൈവരിക്കും. അത്യന്താധുനിക എനർജി സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കി വിശ്വാസ്യതയും, ഗ്രിഡിന്റെ സ്ഥിരതയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമുണ്ട്.

2024 ഡിസംബറിൽ ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ലേലത്തിൽ ഏറ്റവുമയർന്ന ബിഡ്ഡിങ് സമർപ്പിച്ചത് റിലയൻസ് എൻ.യു സൺടെക് ആയിരുന്നു. മത്സരക്ഷമത ഉയർന്നു നിന്ന ബിഡ്ഡിങ്ങിൽ ഈ മേഖലയിലെ 5 പ്രമുഖ കമ്പനികളെ പിന്തള്ളിയാണ് അനിൽ അംബാനി കമ്പനി നിർണായകമായ ഈ പ്രൊജക്ട് നേടിയെടുത്തത്.

റിലയൻസ് പവർ നിലവിൽ 378 കോടി രൂപയുടെ പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടി, സോളാർ എനർജി കോർപ്പറേഷന് സമർപ്പിച്ചിട്ടുണ്ട്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടുത്ത 5 മാസത്തിനകം പൂർത്തിയാകും. ഇന്ത്യയുടെ ഹരിതോർജ്ജവുമായി ബന്ധപ്പെട്ട ദിശാമാറ്റത്തിൽ തങ്ങളുടെ ചുമതല നിർവഹിക്കാൻ ലഭിച്ച നാഴികക്കല്ലാണ് ഈ പ്രോജക്ടെന്ന് റിലയൻസ് പവർ പ്രതികരിച്ചു.