റാബിയ, അവൾ നിരവധി പേരുടെ സ്വപ്നങ്ങൾക്ക് ചിറക് പകർന്നു, തന്റെ പരിമിതികളെ മറന്ന് കൊണ്ട്. സാക്ഷരതാ പ്രവർത്തക എന്നതിലപ്പുറം സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം. ജീവിതത്തിന് മുന്നിൽ ഓരോന്നായി എത്തിയ പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് അവർ മുന്നേറിയത്.തന്റെ അവസാന ശ്വാസംവരെ കർമ്മനിരതയായിരുന്നു അവർ.
പതിനാലാം വയസ്സു മുതൽ പോളിയോ ബാധിതയായി ശരീരം തളർന്ന റാബിയയുടെ പഠനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം വീട്ടിൽ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേർക്ക് വീൽ ചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിൻ്റെ വെളിച്ചത്തിലേക്ക് നയിച്ചു. മലപ്പുറംകാരിയായ റാബിയ തിരൂരങ്ങാടിയിൽ മുതിർന്നവർക്ക് അക്ഷരം പകർന്നു നൽകുന്നതിനായുള്ള കേന്ദ്രം ആരംഭിച്ചു. ആറുമാസത്തിനകം റാബിയ സംസ്ഥാനത്തെ സാക്ഷരതാ പ്രവർത്തകർക്ക് ഊർജമായി മാറുകയായിരുന്നു. റാബിയയുടെ പഠനകേന്ദ്രത്തിന് വൻ സ്വീകാര്യത ലഭിച്ചു. 1994 ൽ ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കിയാണ് സംഘടനയ്ക്ക് രൂപം നൽകിയത്. വീൽ ചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത്‌കൊണ്ട് തോൽപ്പിച്ച റാബിയ എക്കലവും മാതൃകയായിരുന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നീമേഖലകളിൽ റാബിയ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.
ജൻ ശിക്ഷൺ സൻസ്ഥാന്റെ ഭാഗമായി ട്യൂഷൻ സെന്റർ, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴിൽ സംരഭങ്ങൾ, ബോധവൽക്കരണ ശാക്തീകരണ പരിപാടികൾ എന്നിവ നടത്തിയതിലൂടെ റാബിയ ദേശീയതലത്തിൽ ശ്രദ്ധേയയായി. രാജ്യം പിന്നീട് റാബിയയെ പത്മഅവാർഡ് നൽകി ആദരിച്ചിരുന്നു.
റാബിയയുടെ സാക്ഷരതാപ്രവർത്തനത്തിന് യു എൻ പുരസ്‌കാരമടക്കം ലഭിക്കുകയും 2022-ൽ രാജ്യം പത്‌മശ്രീ നൽകി ആദരിക്കുകയും ചെയ്‌തിരുന്നു. ചനലം എന്ന പേരിൽ റാബിയ ആരംഭിച്ച അംഗപരിമിതരുടെ സ്‌കൂൾ ആറായി. ചലന ശേഷി നഷ്ടപ്പെട്ടവർക്കായി ചെറുകിട നിർമാണ ശാലകൾ, വനിതാ ലൈബ്രറി എന്നിവ ആരംഭിച്ചു. മലപ്പുറത്ത് കംപ്യൂട്ടർ സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചത് റാബിയുടെ നേതൃത്വത്തിലായിരുന്നു. അക്ഷയ പദ്ധതിക്കൊപ്പവും റാബിയ ഉണ്ടായിരുന്നു. റാബിയ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനത്താകമാനം വ്യാപിപ്പിച്ചുവെന്നത് മറ്റൊരു ചരിത്രം. ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. ‘സ്വപ്‌നങ്ങൾക്ക് ചിറകുകളുണ്ട്’ എന്നത് ആത്മകഥയാണ്.