തൃശൂർ പൂരത്തിന് ഫിറ്റ്നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും കൊച്ചി ദേവസ്വം ബോർഡിൻറെ ശിവകുമാറും. ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാവും ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക.
അതേസമയം നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തും. സ്ഥിരമായി പൂരങ്ങളുടെ താരമാണ് എറണാകുളം ശിവകുമാർ.
പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് 93 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്.
മറ്റന്നാൾ രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെ മുപ്പത് മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് തുടക്കമാകും.
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം ഏഴുമണിക്ക് തിരുവമ്പാടിയും പിന്നീട് പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തിരിതെളിക്കും.