സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന പത്ത്, പന്ത്രണ്ട് പരീക്ഷകളുടെ ഫലത്തിനായി വിദ്യാർഥികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ സിബിഎസ്ഇ ഇതുവരെ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലങ്ങൾ ഈ മാസം രണ്ടാം വാരം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ്, വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം സംബന്ധിച്ച് സിബിഎസ്ഇ ഒരു പ്രധാന വിവരം പങ്കുവച്ചിട്ടുണ്ട്. പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾക്ക് ശേഷം പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ ബോർഡ് വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പുതിയ പ്രക്രിയ വിദ്യാർഥികൾക്ക് കൂടുതൽ സ്വാശ്രയത്വം നേടാൻ സഹായിക്കുമെന്ന് ബോർഡ് അവകാശപ്പെടുന്നു.
സിബിഎസ്ഇയുടെ പുതിയ പുനർമൂല്യനിർണ്ണയ സമ്പ്രദായം അനുസരിച്ച്, വിദ്യാർഥികൾ ആദ്യം സിബിഎസ്ഇയിൽ നിന്ന് പരിശോധിച്ച ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പികൾ എടുക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷം ഫോട്ടോകോപ്പികൾക്കായി അപേക്ഷിക്കാം. ഏത് ഉത്തരത്തിന് എത്ര മാർക്ക് ലഭിച്ചുവെന്നും ഏത് ചോദ്യത്തിന് എത്ര മാർക്ക് കുറച്ചെന്നും വിദ്യാർഥികൾക്ക് കാണാൻ കഴിയും. മാർക്ക് വെരിഫിക്കേഷനോ പുനർമൂല്യനിർണ്ണയത്തിനോ അപേക്ഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഇത് അവരെ സഹായിക്കും.
പുതിയ പ്രക്രിയയെക്കുറിച്ച് വിദ്യാർഥികളെ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ്, സിബിഎസ്ഇയുമായി ബന്ധപ്പെട്ട എല്ലാ സ്‌കൂളുകളുടെയും മേധാവികൾക്ക് കത്തയച്ചിട്ടുണ്ട്. ഈ പുതിയ പ്രക്രിയയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കത്തിൽ നൽകിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായിരിക്കും ഈ പ്രക്രിയ നടക്കുക. ഫലം പുറത്തിറങ്ങിയതിനുശേഷം മാത്രമേ ഇത് ആരംഭിക്കൂ.
ഈ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള പുനർമൂല്യനിർണ്ണയം
സിബിഎസ്ഇ-യിൽ നിന്ന് ഉത്തരക്കടലാസുകളുടെ ഒരു ഫോട്ടോകോപ്പി കൈപ്പറ്റുക. മാർക്ക് പരിശോധിച്ചുറപ്പിക്കുക (മാർക്ക് ചേർക്കുന്നതിലോ രേഖപ്പെടുത്തുന്നതിലോ തെറ്റുണ്ടെങ്കിൽ).
ഇതിനുശേഷം, നിങ്ങളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിൽ നിങ്ങൾ തൃപ്‌തനല്ലെങ്കില്‍ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുക.
മുമ്പ് സിബിഎസ്ഇയിൽ പുനർമൂല്യനിർണ്ണയത്തിന് ഫോട്ടോകോപ്പികൾ ആവശ്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ സിബിഎസ്ഇ ബോർഡ് വിദ്യാർഥികൾക്ക് ഫോട്ടോകോപ്പികൾ എടുത്ത് സ്വയം പരിശോധിക്കാനുള്ള അവസരം നല്‍കുന്നു.