ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈവയ്ക്കാത്ത മേഖലകൾ ഇപ്പോൾ ഒന്നും തന്നെയില്ല. മനുഷ്യന് ഏറെ ഉപകാരിയാണ് എഐ. നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന എഐ ഇപ്പോഴിതാ കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എത്തിയിരിക്കുന്നു. ഇനി മുതൽ ആളില്ലാ പൂട്ടുയന്ത്രം മുതൽ പരാഗണ രഹസ്യംവരെ ഈ മച്ചാന്റെ കയ്യിൽ ഭദ്രം.
മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന മേഖലകളിലൊന്നായ കൃഷിയിലും എഐ വലിയ വിപ്ലവങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ലോകവ്യാപകമായി ഇതു കാണാം. പ്രസിഷൻ അഗ്രിക്കൾചർ, മനുഷ്യസാന്നിധ്യമില്ലാത്ത നിലമൊരുക്കലും വിളവെടുപ്പും ഉൾപ്പെടെയുള്ള മേഖലകളിൽ എഐ സഹായം നൽകുന്നു. പല കാർഷിക നിർമാണ കമ്പനികളും എഐ സാങ്കേതികവിദ്യയെ തങ്ങളുടെ ഉൽപന്നങ്ങളിലേക്ക് വിളക്കിച്ചേർക്കുന്ന തിരക്കിലാണ്.
കൃഷിയിൽ എഐ ക്യാമറകൾ പ്രയോജനപ്രദമാണ്. അടുത്തിടെ ഓസ്ട്രേലിയയിൽ ഒരു സ്ട്രോബറി ഫാമിൽ മിനിയേച്ചർ എഐ ക്യാമറകൾ ഫാമിനുള്ളിൽ വച്ച് ഗവേഷണം നടത്തി. ഈച്ചകളും മറ്റു കീടങ്ങളും വഴി പരാഗണം എങ്ങനെ നടക്കുന്നു എന്നതായിരുന്നു ഗവേഷണ വിഷയം.
കൃത്യമായ പരാഗണം മികച്ച വിളവിന് പ്രധാനമാണ്. എഐ ക്യാമറകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ഫാമിലെ പരാഗണരീതി പഠിക്കുകയാണ് ശാസ്ത്രജ്ഞർ ചെയ്തത്. കൃത്യമായ അളവിൽ വെള്ളവും വളവും നൽകി ഏറ്റവും മികച്ച വിളവുണ്ടാക്കുകയെന്നതാണ് പ്രസിഷൻ അഗ്രിക്കൾച്ചർ എന്ന കൃഷി രീതി. ഈ രീതിയിൽ പരാഗണപഠനത്തിനും സ്ഥാനമുണ്ട്.കൃത്യമായ എണ്ണത്തിൽ ഈച്ചകളും മറ്റ് പരാഗണകീടങ്ങളും പൂവുകളിലേക്ക് എത്തുന്നതാണ് നല്ലതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൂടുതലായാലും കുറവായാലും അത് കൃഷിയുടെ നിലവാരത്തിനെ ബാധിക്കും, സാധാരണഗതിയിൽ ഇത്തരം വിവരങ്ങൾ ലഭിക്കാൻ വലിയ പാടാണ്. എന്നാൽഎഐ ക്യാമറകളുപയോഗിച്ച് ഏതൊക്കെ തരം ഈച്ചകളും കീടങ്ങളും വന്നെന്നും എത്രത്തോളം സംഭാവന ഇവർ പരാഗണത്തിൽ നൽകിയെന്നുമൊക്കെ മനസ്സിലാക്കാം.
പരാഗണപഠനത്തിൽ മാത്രമല്ല, വിളകളെയും ഫലങ്ങളെയും മറ്റും ബാധിക്കുന്ന അസുഖങ്ങൾ കണ്ടെത്താനും എഐ ക്യാമറകൾ കൊണ്ടു സാധിക്കും. പഴങ്ങളും മറ്റും വേണ്ടരീതിയിൽ പഴുത്തോയെന്നും കളകളും കീടങ്ങളുമൊക്കെ വിളകളെ ആക്രമിക്കുന്നുണ്ടോയെന്നുമൊക്കെ എഐ ക്യാമറകൾ വിവരം നൽകും. സസ്യങ്ങളുടേത് മാത്രമല്ല മൃഗങ്ങളുടെ കൃഷിയിലും എഐ ക്യാമറകൾ ഗുണകരമാണ്. കാറ്റിൽ ഐ പോലുള്ള സംവിധാനങ്ങൾ ഇന്ന് പല വികസിത ഫാമുകളിലും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾക്കും മറ്റും അസുഖമുണ്ടോയെന്നറിയാനും അവയുടെ സുഖവിവരങ്ങൾ വിലയിരുത്താനും ഇത്തരം ക്യാമറകൾ ഓവർഹെഡ് രീതിയിൽ സ്ഥാപിക്കാം. ഒരു കന്നുകാലിക്കൃഷിക്കാരന് നേരിട്ടു സന്നിഹിതനാകാതെതന്നെ ഇത്തരം വിവരങ്ങൾ കിട്ടുമെന്നതാണ് എഐ ക്യാമറകളാലുള്ള പ്രയോജനം.
അതുപോലെ തന്നെ കളനാശിനികൾ, വളങ്ങൾ എന്നിവയുടെ കൃത്യമായ വിതരണത്തിനും എഐ സഹായകമാണ്. മനുഷ്യസഹായമില്ലാതെ നിലം ഉഴുതുമറിക്കാനുള്ള സംവിധാനങ്ങളും എഐ സഹായത്താൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.