Kerala

കേരള സംഗീത നാടക അക്കാദമിയുടെ ദേശീയ മേക്കപ്പ് ശില്‍പശാല ജൂണ്‍ 20 മുതല്‍ 26 വരെ നടക്കും | Makeup workshop

മേക്കപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 പേര്‍ക്കാണ് സമഗ്ര പരിശീലനം നല്‍കുന്നത്

കേരള സംഗീത നാടക അക്കാദമി ജൂണ്‍ 20 മുതല്‍ 26 വരെ ചമയപ്പുര എന്ന പേരില്‍ ദേശീയ ചമയ ശില്പശാല സംഘടിക്കുന്നു. ചമയവിദഗ്ധന്‍ പട്ടണം റഷീദ് നയിക്കുന്ന ശില്പശാലയില്‍ നാടകം, നൃത്തം, ചലച്ചിത്രം, ക്ലാസ്സിക്കല്‍, ഫോക്ക് തുടങ്ങി സമസ്ത ദൃശ്യകലകളിലെയും തേപ്പും കോപ്പും അടങ്ങിയ ചമയകലയിലെ സാര്‍വദേശീയ വികാസങ്ങളിലൂന്നിയ പ്രായോഗിക പരിശീലനം നല്‍കും.

മേക്കപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 പേര്‍ക്കാണ് സമഗ്ര പരിശീലനം നല്‍കുന്നത്. 20നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് ശില്പശാലയിലേക്ക് അപേക്ഷിക്കാം. അക്കാദമി വെബ്‌സൈറ്റായ https://keralasangeethanatakaakademi.in ല്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും സമര്‍പ്പിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളും ഉള്ളടക്കം ചെയ്ത് നേരിട്ടോ തപാല്‍ മാര്‍ഗമോ കൊറിയര്‍ മുഖേനയോ അക്കാദമിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. അപേക്ഷ മെയ് 31-നകം സമര്‍പിക്കണം.

ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും അക്കാദമി സൗജന്യമായി നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വ്യവസ്ഥകള്‍ക്ക് വിധേയമായി ഓഡിഷന്‍ വഴിയായിരിക്കും ക്യാമ്പംഗങ്ങളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രജസ്‌ട്രേഷന്‍ ഫീസ് ബാധമായിരിക്കും. ഓഫ്ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂര്‍-20. വിശദവിവരങ്ങള്‍ക്ക്: 9895280511, 9495426570.

content highlight: Makeup workshop