ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലുള്ള കാരെഗുട്ട വനം കഴിഞ്ഞ 12 ദിവസമായി സംഘർഷഭരിതമാണ്.സിആര്‍പിഎഫ്, കോബ്ര, സി60 കമാന്‍ഡോകള്‍, ഡിആര്‍ജി, ബസ്തര്‍ പോരാളികള്‍ തുടങ്ങിയ സംഘങ്ങളില്‍ നിന്നുള്ള 25000 സുരക്ഷാ ഉദ്യോഗസ്ഥരാണ് മാവോ വേട്ടയ്ക്ക് ഇവിടെ എത്തിയിരിക്കുന്നത്. ‘സങ്കല്പ്’ എന്ന ഈ മാവോ വേട്ടയ്ക്ക് സാങ്കേതികതയുടെ പിന്തുണയുമുണ്ട്.രെഗുട്ട വനമേഖലയില്‍ മാവോയിസ്റ്റ് സംഘങ്ങളുടെ ഉന്നത നേതാക്കളടക്കം ആയിരത്തോളം പേര് ഒളിച്ചിരിപ്പുണ്ടെന്നും ഇവരെ പിടികൂടാനാണ് വേട്ടയെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
എന്നാൽ ഇതുവരെ മാവോയിസ്റ്റ് വേട്ടയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്ന് വനിത പ്രവര്‍ത്തകർ മാത്രമാണ്. കീഴടങ്ങിയത് 20 പേരും. ബാക്കിയുള്ളവരുടെ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. മാത്രമല്ല ഇതുവരെയും ഉന്നത നേതാക്കളെ കുറിച്ച് യാതൊരു സൂചനയും കിട്ടിയിട്ടുമില്ല. സുരക്ഷാ സേന എത്തും മുമ്പ് തന്നെ ഇവര്‍ ഇവിടം വിട്ടിരിക്കാമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് സേന ഇപ്പോൾ.
ഇതൊരു ശക്തമായ ഒളിപ്പോര് തന്ത്രമാണെന്നാണ് ഇപ്പോള്‍ സുരക്ഷാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതായത് തങ്ങള്‍ ഒരിടത്ത് ഉണ്ടെന്ന് വരുത്തി ശത്രുക്കളുടെ ശ്രദ്ധ തിരിക്കുകയും കൂടുതല്‍ സുരക്ഷിതമായ ഇടങ്ങളിലിരുന്ന് ആക്രമണം നടത്തുകയും ചെയ്യുക എന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
കാരെഗുട്ടയിലെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അവര്‍ തന്നെ വിവരങ്ങള്‍ പുറത്ത് വിട്ടു. മേഖലയില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചു. ആദിവാസികള്‍ ഈ മേഖലയിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നല്കി. ഇതോടെ ഈ കെട്ടുകഥകളെല്ലാം എല്ലാവരും വിശ്വസിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി വന്നതോടെ കടുത്ത പോരാട്ടവുമായി സുരക്ഷാ സേന രംഗത്തിറങ്ങി.
രണ്ട് കുന്നുകളില്‍ സുരക്ഷാ സേന ദേശീയപതാക ഉയര്‍ത്തി. ഇനി പതിമൂന്ന് എണ്ണം കൂടി ബാക്കിയുണ്ടെന്നും സുരക്ഷാ സേന പറയുന്നു. ഉന്നത മാവോയിസ്റ്റുകള്‍ ആരെങ്കിലും ഇവിടെ ഉണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ പൂര്‍ണമായും ഇവരുടെ സാന്നിധ്യം ഇവിടെയില്ലെന്ന് സ്ഥിരീകരിക്കാനാകൂ എന്നും സുരക്ഷാസേന പറയുന്നു.
വേനല്‍ക്കാലം സുരക്ഷാ സേനയുടെ നടപടികള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കാടിന്റെ ഭൂമിശാസ്ത്രവും സൂര്യാഘാത സാധ്യതകളും ദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.അടുത്ത കൊല്ലം മാര്‍ച്ചോടെ രാജ്യത്ത് നിന്ന് മാവോകളെ പൂര്‍ണമായും തുടച്ച് നീക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന മാവോ വേട്ട.