Box Office

ഹിറ്റടിച്ച് ‘ഹിറ്റ് 3’; നാലു ദിവസം കൊണ്ട് 100 കോടി കടന്ന് ചിത്രം

നാനി നായകനായ ‘ഹിറ്റ് 3’ ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്. ആഗോള തലത്തില്‍ മെയ് 1 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 101 കോടി പിന്നിട്ടു. ആദ്യവാരത്തില്‍ തന്നെ 100 കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രമാണ് ഹിറ്റ് 3. ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3.

ആദ്യദിനത്തില്‍ 20.25 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തില്‍ 10 കോടിയും മൂന്നാം ദിനത്തില്‍ 9. 4 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. 49.45 കോടി രൂപ തെലുഗുവില്‍ നിന്ന് മാത്രം സിനിമയ്ക്ക് നേടാനായി. 52.15 കോടി രൂപയാണ് ഇന്ത്യയിലെ നെറ്റ് കലക്ഷന്‍. 61.6 കോടിയാണ് ഗ്രോസ് കലക്ഷന്‍. വിദേശങ്ങളില്‍ ഗംഭീര ബോക്‌സ് ഓഫിസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. 21 കോടി രൂപയാണ് നാലു ദിവസം കൊണ്ട് വിദേശത്ത് നിന്ന് ലഭിച്ചത്. മലയാളത്തില്‍ നിന്ന് 0. 46 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യ വാരത്തില്‍ തന്നെ മുടക്കു മുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. വമ്പൻ ലാഭമാണ് ചിത്രത്തിന് എല്ലാ മാർക്കറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest News