പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. നാടും നഗരവും ഒന്നാകെ ആവേശത്തിലാണ്. പൂരമെന്ന് പറഞ്ഞാൽ തന്നെ മലയാളിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വരില്ല, ആദ്യം മനസിൽ ഓടിയെത്തുക തൃശ്ശൂർ പൂരത്തിന്റെ കാര്യമായിരിക്കും. അത്രയേറെ മലയാളിയുടെ മനസിനോട് ചേർന്ന് നിൽക്കുന്ന ആഘോഷങ്ങൾ വളരെക്കുറവാണ്. ക്ഷേത്രോത്സവം ആണെങ്കിലും കേരളത്തിന്റെ മത സൗഹാർദ്ദത്തിന്റെ നേർക്കാഴ്‌ച്ച പോലെ നാനാജാതി മതത്തിൽ പെട്ടവരും ഒരു മനസോടെ എത്തുന്ന ഇടമാണ് പൂരനഗരി.
ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.
രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക. തുടര്‍ന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂര്‍ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തില്‍ എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കും. 11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങള്‍ അവിടെ ഇടം പിടിച്ചിരിക്കും.
കോങ്ങാട് മധു ആണ് പ്രമാണം. പാറമേക്കാവില്‍ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രമാണം. അവിടെയുമുണ്ടാകും ജനസഞ്ചയം. വൈകിട്ട് 5.30ന് തെക്കേനടയില്‍ കുടമാറ്റം. നാളെ പുലര്‍ച്ചെ 3ന് വെടിക്കെട്ട്.
തൃശൂര്‍ പൂരനഗരിയിലെത്തുന്നവരുടെ സുരക്ഷയ്ക്കായി തേക്കിന്‍കാട് മൈതാനത്ത് ഇന്നു രാവിലെ 6 മുതല്‍ പൊലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. വസ്തുക്കള്‍ നഷ്ടപ്പെടുക, കൂട്ടംതെറ്റി പോവുക എന്നിവ ഉണ്ടായാല്‍ ഉടന്‍ ഇടപെടാന്‍ 4 മിനി കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. നടുവിലാല്‍ ജംക്ഷന്‍, ബിനി ജംക്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു സമീപം, ജോയ് ആലുക്കാസ് ജ്വല്ലറിക്കു സമീപം, ജയ ബേക്കറി ജംക്ഷന്‍ എന്നിവിടങ്ങളിലാണ് മിനി കണ്‍ട്രോള്‍ റൂമുകള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടമാറ്റം കാണുന്നതിനായി പൂരം കണ്‍ട്രോള്‍ റൂമിനു സമീപം പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. പ്രത്യേക കണ്‍ട്രോള്‍ റൂം നമ്പര്‍: 0487 2422003, 80861 00100.
പൊലീസ്
കണ്‍ട്രോള്‍ റൂം: 100, 0487 2424193
തേക്കിന്‍കാട് മൈതാനത്തെ കണ്‍ട്രോള്‍ റൂം: 0487 2422003, 80861 00100
ആംബുലന്‍സ് സേവനം
ആക്ട്‌സ്: 90371 61099, 98477 31900
സേവാഭാരതി: 99460 08800, 94978 00372
108 ആംബുലന്‍സ്: ഫോണ്‍ 108
സംഭാരം സൗജന്യം
എംഒ റോഡ്, നടുവിലാല്‍, മണികണ്ഠനാല്‍, ബിനി, രാമവര്‍മ പാര്‍ക്ക്, പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍വശം, ജനറല്‍ ആശുപത്രി, എംജി റോഡ്, ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നഗരസഭയുടെ സംഭാര വിതരണം.