തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിൽ വിധി പറയുന്നത്.പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി.
ഓഗസ്‌റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെയാണ് പ്രതിയായ പ്രിയരഞ്ജൻ കാറിടിച്ച് കൊന്നത്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്‍റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ച് കൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നുമാണ് പ്രിയരഞ്ജന്‍റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും പ്രതി ഹർജിയിൽ വാദിച്ചിരുന്നു.