ഇപ്പോൾ വിവിധ പരീക്ഷകളുടെ ഫലങ്ങൾ വരുന്ന സമയമാണ്. ഐസിഎസ്ഇ, സിബിഎസ്ഇ മറ്റ് സ്റ്റേറ്റ് ബോർഡ് എക്സാമുകളുടെ ഫലവും ഈ ദിവസങ്ങളിലെത്തുമെന്നാണ് സൂചന. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് മക്കളുടെ വിജയമാണ്. അതും മറ്റുള്ളവരുടെ മാർക്കിനേക്കാൾ കൂടുതൽ നേടണമെന്നുമാണ് ആഗ്രഹം. എന്നാൽ ഫലം മറിച്ചായാലോ? ഒരു വീട്ടിലെ സന്തോഷം മുഴുവൻ കെട്ടടങ്ങുകയും മൂകശൂന്യത അവിടെ തളംകെട്ടി കിടക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. എന്നാൽ പരാജയത്തെയും പോസിറ്റീവായി എടുത്താലോ? അത് നൽകുന്നത് ഏത് വീഴ്ച്ചകളെയും അതിജീവിക്കാനുള്ള ധൈര്യവും അറിവുമാണ്. ഇത്തരത്തിൽ കര്‍ണാടകയിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാജയമാണ് ഇപ്പോൾ വൈറലാകുന്നത്. മകൻ പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ ഒരു കേക്ക് വാങ്ങി തൽക്ഷണം മുറിച്ചാണ് ആ കുടുംബം സന്തോഷം പങ്കുവെച്ചത്.
ബഗല്‍കോട്ടിലെ ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക് ചോളചഗുഡ്ഡ. അടുത്തിടെയാണ് അഭിഷേകിന്റെ എസ്എസ്എല്‍സി ബോര്‍ഡ് പരീക്ഷയുടെ ഫലം വന്നത്. ആറ് വിഷയങ്ങളില്‍ അഭിഷേക് പരാജയപ്പെട്ടു. 625-ല്‍ 200 മാര്‍ക്കാണ് വിദ്യാര്‍ത്ഥിക്ക് നേടാനായത്. അതായത് 32 ശതമാനം മാര്‍ക്ക്. പാസാവാനുളള മാര്‍ക്ക് അവന് ലഭിച്ചില്ല. സാധാരണ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാവുകയും മക്കളോട് ദേഷ്യപ്പെടുകയും ചിലപ്പോഴൊക്കെ അടിക്കുകയുമൊക്കെയാണ് പതിവ്. എന്നാല്‍ അഭിഷേകിന്റെ മാതാപിതാക്കള്‍ ഇവിടെയാണ് വ്യത്യസ്തരായത്. അവര്‍ മകനെ വഴക്കുപറയുന്നതിനു പകരം അവന്റെ പരാജയത്തെ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. വൈറലായ വീഡിയോയില്‍ അഭിഷേക് അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരങ്ങള്‍ക്കുമൊപ്പം കേക്ക് മുറിക്കുന്നതും മധുരം പങ്കിടുന്നതും കാണാം.
അടുത്ത തവണ ജയിക്കാനായി മകനെ പ്രോത്സാഹിപ്പിക്കാനാണ് കേക്ക് മുറിച്ച് ആഘോഷിച്ചതെന്ന് അഭിഷേകിന്റെ അച്ഛന്‍ യല്ലപ്പ ചോളചഗുഡ്ഡ പറഞ്ഞു. ‘ അവന് പരീക്ഷയില്‍ 32 ശതമാനം മാര്‍ക്കാണ് നേടാനായത്. ഈ നമ്പര്‍ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നു. അഭിഷേക് കേക്ക് മുറിച്ചപ്പോള്‍ ഞങ്ങളെല്ലാവരും അവന് മധുരം നല്‍കി. അടുത്ത തവണ മികച്ച വിജയം നേടാന്‍ അവനെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചു’- യല്ലപ്പ പറഞ്ഞു. പരാജയത്തിന്റെ ഗൗരവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും മകന്‍ കഷ്ടപ്പെട്ട് പഠിച്ചിരുന്നു, അത് പരീക്ഷയില്‍ പ്രതിഫലിച്ചില്ല, ഈ ആഘോഷം അടുത്ത തവണ നല്ല മാര്‍ക്ക് വാങ്ങാനുളള ആത്മവിശ്വാസം മകന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, താന്‍ തോറ്റുപോയെങ്കിലും കുടുംബം തന്നോടൊപ്പം നിന്നെന്നും നന്നായി പഠിച്ച് വീണ്ടും പരീക്ഷയെഴുതി വിജയിക്കുമെന്നും അഭിഷേക് പറഞ്ഞു. കുട്ടിക്കാലത്ത് ഉണ്ടായ ഒരു തീപിടിത്തത്തെ തുടര്‍ന്ന് തനിക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്ന പ്രശ്‌നമുണ്ടെന്നും പഠിച്ച കാര്യങ്ങള്‍ ഓര്‍മിക്കാന്‍ ബുദ്ധിമുട്ടുളളതാണ് പരീക്ഷയില്‍ തോല്‍ക്കാന്‍ കാരണമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
content highlight: 10th student fail in exam