കോട്ടയം: കറുകച്ചാലിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. അപകടമല്ല കൊലപാതകമാണെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. സാധാരണ വാഹനാപകടമെന്ന് വിധിയെഴുതിയ കറുകച്ചാൽ പോലീസും പ്രദേശവനാസികളും ഇതോടെ നടുക്കത്തിലായി. കൂത്രപ്പള്ളി സ്വദേശി നീതു ആർ നായർ (35) ആണ് മരിച്ചത്.
ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു കറുകച്ചാൽ വെട്ടിക്കവുങ്കൽ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ നീതുവും മക്കളും ഇവിടെയാണ് കഴിഞ്ഞ കുറേ നാളുകളായി ജീവിച്ചിരുന്നത്. രണ്ടു മക്കളുടെ അമ്മയായ നീതു ചങ്ങനാശേരിയിലെ തുണിക്കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. സംഭവത്തിൽ നീതുവിൻ്റെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു അറസ്റ്റ് ചെയ്തെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ബുധനാഴ്ച രാവിലെ 8:45 ഓടെ വീടിന് സമീപത്തുവെച്ചായിരുന്നു അപകടം. രാവിലെ ജോലിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയ നീതുവിനെ ഇന്നോവ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ ഓടിച്ചുപോയി. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് വീണ നീതുവിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആദ്യഘട്ടത്തിൽ വാഹനാപകടമാണെന്ന നിഗമനത്തിലായിരുന്നു കറുകച്ചാൽ പോലീസ്. എന്നാൽ അപകടം ഉണ്ടായ ഇടറോഡിൽ അമിതവേഗത്തിൽ വാഹനം എത്തേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.തുടരന്വേഷണത്തിലാണ് നീതുവിൻ്റെ മുൻ സുഹൃത്തായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
content highlight: Karukachal Accident