കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ചക്ക ഇലയടയുടെ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചക്ക വരട്ടിയത് – അരക്കപ്പ്
- അരിപ്പൊടി – ഒരു കപ്പ്
- ശര്‍ക്കര- കാല്‍ക്കിലോ
- ഏലക്കായ പൊടിച്ചത് – ഒരു ടീസ്പൂണ്‍
- തേങ്ങക്കൊത്ത് – കാല്‍ക്കപ്പ്
- വാഴയില- പൊതിയാന്‍ പാകത്തിന്
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കവരട്ടിയതും അരിപ്പൊടിയും നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് ആവശ്യാനുസരണം ശര്‍ക്കര പാനി ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇതിലേക്ക് തേങ്ങാക്കൊത്തും ഏലക്കപ്പൊടിയും വേണമെങ്കില്‍ ഒരു തരി ഉപ്പും ചേര്‍ക്കുക. പിന്നീട് വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്. മധുരം നിങ്ങളുടെ ഇഷ്ടത്തിന് ചേര്‍ത്തെടുക്കാം.
അതിന് ശേഷം ഇലയില്‍ പരത്താന്‍ പാകത്തിന് പരുവം ആയിരിക്കണം. അതിന് ശേഷം ഇത് പരത്തി ഇല രണ്ടായി മടക്കുക. ഒരു ഇഡ്ഡലി പാത്രത്തില്‍ വെള്ളം വെച്ച് അത് നല്ലതുപോലെ തിളച്ച് വരുമ്പോള്‍ അതിന് മുകളിലുള്ള തട്ടിലേക്ക് ഈ ഇലകള്‍ ഓരോന്നായി നിരത്തുക. ഇതിന് ശേഷം ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നോക്കിയാല്‍ നല്ല ചൂടോടെയുള്ള ചക്കഇലയട റെഡി.