അലനല്ലൂർ: കമുകു കൃഷിയിൽ കുമിൽ രോഗം ഒരു പ്രധാന പ്രശ്നമാണ്. ഈ രോഗം കൊളിറ്റോ ട്രിക്കം ഗ്ലിയോസ്പോറിയോയിഡസ് എന്ന ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്. ഇതുമൂലം കമുകിന്റെ ഇലകളിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ ഉണ്ടാക്കുകയും, ഇലകൾ കരിഞ്ഞ് ഉണങ്ങുകയും ചെയ്യുന്നു.
മൂന്ന് വർഷം പഴക്കം ചെന്ന തൈകൾക്കാണ് കൂടുതലായും കുമിൾ രോഗം ബാധിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ ഈ രോഗം തീരെ ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിലേറെയായി മിക്ക കർഷകരുടെയും കമുകുകളിൽ മഞ്ഞളിപ്പ് രോഗവും കുമിൾ രോഗവും വ്യാപകമായി കാണുന്നുണ്ട്. രോഗം ബാധിച്ച് നിരവധി കമുകുകളാണ് നശിച്ചത്. മഞ്ഞളിപ്പ് രോഗംമൂലം അടക്ക കായ്ക്കൽ വളരെ കുറഞ്ഞിരുന്നു.
കുമിൾ രോഗം വന്നതോടെ കർഷകർ കമുക് കൃഷിയിൽനിന്ന് റബർ കൃഷിയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. പ്രദേശത്ത് കൃഷി വകുപ്പ് ജീവനക്കാരെത്തി പരിശോധിച്ച് അടിയന്തര നിർദേശങ്ങൾ നൽകിയില്ലെങ്കിൽ മുഴുവൻ കമുക് കൃഷിയും നശിക്കുമെന്നാണ് കർഷകർ പറയുന്നത്.