അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. അമേരിക്കയിൽ നിന്ന് ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാർപാപ്പയാണ് ഇദ്ദേഹം.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നാണ് കർദിനാളിൻ്റെ മുഴുവൻ പേര്. ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ പോപ്പാണ് ഇദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ഇദ്ദേഹം ഉടൻ തന്നെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്ക് എത്തിച്ചേരും.
ചിക്കാഗോയിൽ നിന്നുള്ള 69 കാരനായ കർദിനാളാണ് പ്രവോസ്റ്റ്. നയതന്ത്ര, അന്താരാഷ്ട്ര വിഷയങ്ങളിൽ അഗ്രഗണ്യനാണ്. മിഷണറി ജീവിതത്തിൻ്റെ ഭൂരിഭാഗവും അദ്ദേഹം തെക്കേ അമേരിക്കയിലാണ് ചെലവഴിച്ചത്. ബിഷപ്പ് നിയമനങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാൻ്റെ ചുമതലയിലേക്ക് അദ്ദേഹത്തെ ഫ്രാൻസിസ് മാർപാപ്പയാണ് എത്തിച്ചത്.
പെറുവിലായിരുന്നു റോബർട് ഫ്രാൻസിസ് പ്രവോസ്റ്റ് വൈദിക വൃത്തി ആരംഭിച്ചത്. ഇവിടെ തന്നെ ചിക്ലായോയിൽ ബിഷപ്പായി. 2023 വരെ അവിടെ തുടർന്ന ശേഷമാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.