ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ഏവരുടേയും ശ്രദ്ധ കറി എന്തുണ്ടാക്കുമെന്നയിരിക്കും. നിങ്ങളും അങ്ങനെയാണോ? എങ്കിലിനി അതോര്‍ത്ത് തല പുകയ്ക്കേണ്ട. കറി ആവശ്യമില്ലാത്ത ഒരു ചപ്പാത്തി നമ്മുക്ക് ഉണ്ടാക്കി നോക്കിയാലോ? മസാല ചപ്പാത്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പ് പൊടി – 1 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 1 എണ്ണം
വെണ്ണ / നെയ്യ് – 2 ടേബിൾ സ്പൂൺ
എണ്ണ – 3 ടേബിൾ സ്പൂൺ
പെരുംജീരകം – 1/4 ടീസ്പൂൺ
സവാള അരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1/2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
തക്കാളി അരിഞ്ഞത് – 1/4 കപ്പ്
മല്ലിയില അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
ഗരം മസാലപൊടി – 1/4 ടീസ്പൂൺ
ഇളം ചൂടുവെള്ളം – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കേണ്ട വിധം
ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഓയിലും കൂടി ചേർത്തിട്ട് നന്നായി യോജിപ്പിച്ച ശേഷം ഇളം ചൂടു വെള്ളം കുറച്ച് കുറച്ചായി ചേർത്ത് ചപ്പാത്തി മാവിൻ്റെ പരുവത്തിൽ കുഴച്ചെടുക്കണം.
ഇത് അരമണിക്കൂർ നേരത്തേക്ക് സെറ്റാകാൻ വെക്കാം. ഇനി ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ഇത് ചൂടാകുമ്പോൾ പെരുംജീരകം, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടെ ചേർത്തിട്ട് പച്ച മണം മാറുന്ന വരെ ഇളക്കുക.
ശേഷം സവാള അരിഞ്ഞതും കുറച്ച് ഉപ്പും കൂടെ ചേർത്തിട്ട് സവാള ചെറുതായി ഫ്രൈ ആവുന്ന വരെ ഇളക്കി കൊടുക്കുക. സവാള ഏകദേശം ഫ്രൈ ആയി കഴിയുമ്പോൾ തീ കുറച്ച് വച്ചിട്ട് അതിലേക്ക് മഞ്ഞൾ പൊടി, മുളകു പൊടി, ഗരം മസാല പൊടിയും കൂടെ ചേർത്തിട്ട് പച്ച മണം മാറുന്ന വരെ ഇളക്കി കൊടുക്കണം.
അടുത്തതായി ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചതും കുറച്ച് ഉപ്പും പകുതി തക്കാളി ചെറുതാക്കി അരിഞ്ഞതും കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് ഇളക്കിയ ശേഷം കുറച്ച് നേരം വേവിക്കുക.
അവസാനം കുറച്ച് മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് ഇളക്കി തീ ഓഫാക്കുക. അതിനു ശേഷം ഈ മസാലയെ വേറൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. ശേഷം മാറ്റി വെച്ചിട്ടുള്ള ചപ്പാത്തി മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തി എടുക്കുക.
ചപ്പാത്തി വൃത്താകൃതിയിൽ ഒരു പാത്രം വച്ച് മുറിച്ചെടുക്കുക. എന്നിട്ട് ചപ്പാത്തിയുടെ പകുതി തൊട്ട് ഒരു വശത്തേക്ക് മസാല ഇട്ട് കൊടുത്ത് ഒരു സ്പൂൺ വച്ച് നന്നായി വശങ്ങളൊക്കെ ഒതുക്കി കൊടുക്കുക.
എന്നിട്ട് ചപ്പാത്തിയെ മസാല ഉള്ളിൽ വരുന്ന രീതിയിൽ ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് മടക്കുക.ഇതു പോലെ ബാക്കിയുള്ള എല്ലാ ചപ്പാത്തി മാവും പരത്തി എടുത്ത് മസാല നിറക്കുക. ഇനി ചപ്പാത്തി ചുട്ടെടുക്കാം. ഇതോടെ സ്വാദൂറും മസാല ചപ്പാത്തി റെഡി