ന്യൂഡല്‍ഹി: ഉറിയില്‍ ഷെല്ലാക്രമണം രൂക്ഷമാകുന്നതിനിടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സേനാമേധാവിമാരുമായി പ്രധാനമന്ത്രി പലതവണ യോഗം നടത്തിയിരുന്നു.
പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
അതേസമയം, നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്‍ ആക്രമണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജമ്മു കശ്മീരീലെ ഉറിയിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. ഉറി സെക്ടറില്‍ ഷെല്ലാക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിച്ചിട്ടുണ്ട്.