മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. ഹോംസ്റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്.
ഭക്ഷ്യവിഷബാധയേറ്റാണോ വൈശാഖിന്റെ മരണമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. മടക്കയാത്രക്കിടെ സംഘത്തിലെ ചിലർക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാൽ രാവിലെ മുതൽ ഛർദ്ദി അനുഭവപ്പെട്ട വൈശാഖ് രാത്രിയോടെ അവശനായിരുന്നു.
തുടർന്ന് മൂന്നാറിൽ നിന്ന് വൈശാഖിനെ ആംബുലൻസിൽ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു.
ഇവർക്കൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ സഹോദരനും മറ്റൊരു കുട്ടിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.