ഏപ്രില്‍ 10 ന് തീയറ്ററിലെത്തിയ ചിത്രമായിരുന്നു മരണമാസ്. പ്രേക്ഷകരില്‍ ചിരിയുണര്‍ത്തിയ ബേസില്‍ ചിത്രമായിരുന്നു ഇത്. പുതുമുഖ സംവിധായകനായ ശിവ പ്രസാദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ബേസിലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ബേസിലിന്റെ പ്രകടനവും മികച്ചതായിരുന്നു. തീയറ്ററില്‍ ചിരിയും കൈയ്യടിയും ഒരുപോലെ നിറഞ്ഞു നിന്ന ഒരു ചിത്രം കൂടിയാണ് മരണമാസ്സ്.
ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തേമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഒരു ശവത്തിന്റെ റോളില്‍ ടോവിനോ ക്യാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഈ രംഗം തീയറ്ററില്‍ ഏറെ ചിരി ഉണര്‍ത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ വേഷം ചെയ്‌തെന്ന് തുറന്ന് പറയുകയാണ് ടോവിനോ. ടോവിനോയുടെ പുതിയ ചിത്രമായ നരിവേട്ടയുടെ പ്രേമോഷന്‍ പരിപാടിക്കിടെയാണ് ടോവിനോ ഇക്കാര്യം വെളിപ്പെടുത്തിയത്.
”മരണമാസ്സില്‍ ഡെഡ് ബോഡിയായിട്ട് വന്ന് അഭിനയിക്കാമോ എന്നു പറഞ്ഞ് ആരേയും വിളിക്കാന്‍ പറ്റില്ലല്ലോ. അതും ആ ഒരു ഒറ്റ ഷോട്ടിനായിട്ട് മാത്രം ആരെയും വിളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ കമ്പനി ആര്‍ട്ടിസ്റ്റ് ആയി ഞാന്‍ ഉളളപ്പോള്‍ വേറെ ആരോടും പറയുകയും ചോദിക്കുകയും വേണ്ടല്ലോ. ഞാന്‍ തന്നെ കയറി കിടന്നാല്‍ മതിയല്ലോ. ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടിയില്‍ കിടന്ന് ഞാന്‍ ഉറങ്ങി പോയിട്ടുണ്ട്”- ടോവിനോ പറഞ്ഞു.