ന്യൂഡൽഹി: സുരക്ഷ മുൻനിർത്തി അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിർദേശം നൽകിയിട്ടുണ്ട്.
എയർപോർട്ടുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ അധികൃതർ നടത്തുകയാണ്. ശ്രീനഗർ, ജമ്മു, ലുധിയാന, പത്താൻകോട്ട് തുടങ്ങി രാജ്യത്തെ അതിർത്തി, തന്ത്രപ്രധാന മേഖലകളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്. തുറക്കാനുള്ള തീരുമാനം വന്നതോടെ ചണ്ഡീഗഡിൽ നിന്നുളള കമേഴ്സ്യൽ ഫ്ളൈറ്റുകളുടെ സർവ്വീസ് തുടങ്ങി.
അതേസമയം ഇന്ത്യ- പാകിസ്താൻ ഡിജിഎംഒ തല ചർച്ചകൾ തുടരുകയാണ്. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് ഇന്ത്യ അറിയിച്ചേക്കും. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും.
പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. ഇന്ത്യയുടെ മിലിട്ടറി താവളങ്ങള്‍ തകര്‍ത്തു എന്നതടക്കമുള്ള പാക്കിസ്ഥാന്റെ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഇന്ത്യ ഉന്നയിച്ചേക്കും.