Kerala

നന്ദൻകോട് കൂട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേഡൽ ജിൻസൺ രാജയുടെ ശിക്ഷാവിധി ഇന്ന്. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേഡൽ ജെൻസൺ രാജ കുറ്റക്കാരൻ ആണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ വിധി പ്രസ്താവിക്കുന്നത് 7 വർഷം നീണ്ട വിചാരണക്കൊടുവിലാണ്. കേഡലിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തെ നടുക്കിയ കൂട്ടക്കൊലയില്‍ കേഡല്‍ ഏകപ്രതിയാണ്.

രണ്ട് തവണ വിധി പറയാന്‍ മാറ്റിവച്ച ശേഷമാണ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 65 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. മാതാപിതാക്കളെ ഉള്‍പ്പെടെ പ്രതി കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേഡല്‍ സ്വീകരിച്ചത്. ഫോറന്‍സിക് തെളിവുകള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്. കേഡല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.

ശിക്ഷാവിധിയിന്മേലുള്ള വാദം പൂർത്തിയായതിനുശേഷം ആയിരിക്കും ജഡ്ജി കെ.വിഷ്ണു വിധി പ്രസ്താവിക്കുക. 2017 ഏപ്രിൽ 5, 6 തീയതികളിലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കേഡൽ ജെൻസൺ രാജ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.