Kerala

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ; പത്തുവീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളിൽ പത്തുവീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി. ആകെ 410 വീടുകളാണ് എൽസ്റ്റൺ എസ്റ്റേറ്റ് പുൽപ്പാറ ഡിവിഷനിൽ നിർമിക്കുന്നത്. ഇതിനായി എൽസ്റ്റൺ എസ്റ്റേറ്റിനെ അഞ്ച് സോണുകളാക്കി തിരിച്ചാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. സോൺ ഒന്നിലാണ് നിലവിൽ നിർമാണ പ്രവർത്തികൾ നടക്കുന്നത്.

99 വീടുകളാണ് സോൺ ഒന്നിൽ നിർമിക്കുക. ഇതിൽ 60 വീടുകൾക്കുള്ള പ്ലോട്ടുകളും എട്ട് വീടിനുള്ള ഫൂട്ടിങും ഒരുങ്ങിക്കഴിഞ്ഞതായി നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു.

ആദ്യം നിർമാണം തുടങ്ങിയ മാതൃകാ വീടിന്റെ സ്ലാബ് കോൺക്രീറ്റിനുള്ള പ്രവർത്തികളും പുരോ​ഗമിക്കുകയാണ്. കൂടാതെ ഈ മാസം 15ന് കോൺ​ക്രീറ്റ് നടത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ‌

പൂർണമായും ഫ്രെയിംഡ് കോളം സ്ട്രക്ച്ചറിലാണ് വീടുകൾ നിർമിക്കുന്നത്. പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന രീതിയിൽ സീസ്മിക് ലോഡ് ഉൾപ്പടെ പരിശോധിച്ചാണ് നിർമാണം നടക്കുന്നത്. അടിക്കടി പെയ്യുന്ന മഴയും വരാനിരിക്കുന്ന മൺസൂണും പ്രതിസന്ധിയാവാത്ത രീതിയിൽ ആറ് മാസം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ട് കിടപ്പുമുറികൾ, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം എന്നിവ ഉൾപ്പെടുത്തിയാണ് വീട് നിർമിക്കുന്നത്. വീടിന് മുകൾ നില പണിത് വരുമാനം കണ്ടെത്താമെന്ന ​ഗുണഭോക്താക്കളുടെ ആശയം കൂടി പരി​ഗണിച്ച് വീടിന് പുറത്താണ് കോണിപ്പടികൾ നൽകിയിരിക്കുന്നത്.