ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരസംഘടനയെ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങളെ ആയിരുന്നു തുടച്ച് നീക്കിയത്. ഇതിന്റെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ സംഘർഷമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിലേർപ്പെട്ടിരിക്കുകയാണ്. എങ്കിലുംഭീകരവാദത്തിനെതിരെ ഇന്ത്യ നടപടി ഇനിയും കൈകൊള്ളുമെന്ന് വ്യക്തമാക്കിയതാണ്.
ഇതിനിടയിൽ ഇന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും നാല് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. വെടിവയ്പ്പില്‍ ലഷ്‌കര്‍ ഇ തൊയ്‌ബയുടെ മൂന്ന് ഭീകരരെ വധിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യത്തിലെയും അർധസൈനിക വിഭാഗത്തിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ഏകദേശം രണ്ട് മണിക്കൂറായി തീവ്രവാദികളുമായി പോരാടുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. “ഓപ്പറേഷൻ കില്ലര്‍” എന്ന പേരിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്കെതിരെയുള്ള തെരച്ചില്‍ നടത്തുന്നത്.
ദക്ഷിണ കശ്‌മീർ ജില്ലയിലെ ഷുക്രൂ കെല്ലർ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തെന്നും തിരിച്ചടിച്ചെന്നും അധികൃതര്‍ പറയുന്നു.
11 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്‌മീരിൽ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. ഷോപ്പിയാൻ ജില്ലയിലെ പല സ്ഥലങ്ങളിലും ഭീകരര്‍ക്കായി സൈന്യം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ആദ്യ ഏറ്റുമുട്ടലാണിത്.
26 നിരപരാധികളെ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ വ്യോമാക്രമണം നടത്തുകയും 100ലേറെ ഭീകരരെ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേസമയം, ഏതൊരു ഭീകരാക്രമണത്തെയും ഇനി യുദ്ധത്തിന് സമാനമായി കാണുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകി.