Kerala

തണുത്ത് വിറയ്ക്കുമോ കേരളം??

ഇത്തവണ മണ്‍സൂണ്‍ കാലവർഷം നേരത്തെയെത്തും.ഇത് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകികഴിഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം മഴ അധികം ലഭിക്കുമെന്നാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ പൊതുവെ മഴക്കാലം. എന്നാൽ ഇത്തവണ മെയ് 27 മുതൽ മഴക്കാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ അറിയിപ്പ്. കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ മണ്‍സൂണ്‍ നിഗമനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ല.

2025ലെ മഴ പ്രവചന പ്രകാരം ഇത്തവണ മുൻകാലങ്ങളേക്കാൾ മൺസൂൺ കനക്കും. സാധാരണയായി, നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി ലഭിക്കേണ്ടത് 87 സെന്‍റീമീറ്റർ മഴയാണ്. എന്നാൽ, ഇത്തവണ 105 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അരിയിച്ചു.
എല്‍ നിനോ പ്രതിഭാസം ഇല്ലാത്തതും സംസ്ഥാനത്ത് മണ്‍സൂണ്‍ കനക്കാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. അധിക മഴ പലപ്പോഴും സംസ്ഥാനത്ത് വലിയ പ്രകൃതിദുരന്തങ്ങളിലേക്ക് വഴിവയ്‌ക്കാറുണ്ട്. അതുകൊണ്ട് തന്നെ, മഴക്കാലത്ത് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024ലെ ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്‍റെ പ്രധാന കാരണം അധിക മഴ ലഭിച്ചതായിരുന്നു. നാല് ദിവസം പെയ്‌ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.

ദുരന്തത്തില്‍ 300 ഓളം പേര്‍ക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. അതുകൊണ്ട് തന്നെ പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയും ബന്ധപ്പെട്ട അധികൃതരും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാൻ ജനങ്ങള്‍ ശ്രമിക്കുക…എന്താണ് തെക്കുപടിഞ്ഞാറൻ മൺസൂൺ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് മഴയെത്തിക്കുന്ന പ്രധാന കാറ്റിൻ്റെ ഗതിയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. ഇത് സാധാരണയായി ജൂണിൽ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റാണ് ഇത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കെത്തുമ്പോള്‍ ഇത് മഴയായി രൂപാന്തരം പ്രാപിക്കും. ഇന്ത്യയിലെ കൃഷിയും വരുംകാല വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ജല ശ്രോതസുകളും ആശ്രയിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണിനെയാണ്.

മഴക്കാലം വരുമ്പോള്‍ ദുരന്തങ്ങൽ‌ ഒഴിവാക്കാൻ മുൻകരുതലുകൾ ഏടുക്കേണ്ടതുണ്ട്.. ഒറ്റരാത്രി കൊണ്ട് ഒരു നാടിൻ്റെ തലവര മാറ്റിയ പ്രകൃതി ദുരന്തങ്ങളുണ്ടായ ചരിത്രമുള്ള നാടാണ് കേരളം.നമ്മുക്ക് അതെല്ലാം അതിജീവിച്ചാണ് ശീലം. പ്രളയവും മണ്ണിടിച്ചുലും കൊടുങ്കാറ്റുമെല്ലാം നമ്മുടെ നാട് അതിജീവിച്ചു.
നമ്മൾ അതിജീവിച്ച പ്രകൃതി ദുരന്തങ്ങൾ

2001 നവംബറിലെ തിരുവനന്തപുരം അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടൽ. 38 പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്.
2017 നവംബറിലെ ‘ഓഖി’ ചുഴലിക്കാറ്റ്. നൂറുകണക്കിന് ആളുകളുടെ മരണത്തിനും വലിയ നാശനഷ്‌ടത്തിനും ഇടയാക്കിയ ഒന്നാണ് ‘ഓഖി’ ചുഴലിക്കാറ്റ്. ഔദ്യോഗിക കണക്കനുസരിച്ച് 52 പേരാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ മുന്നൂറോളം മത്സ്യതൊഴിലാളികള്‍ ഇനിയും കരയിലേക്കെത്തിയിട്ടില്ല.
2018ലെ മഹാ പ്രളയം. കേരളത്തിലെ 14 ജില്ലകളിലും നാശം വിതച്ച മഴയിലും വെള്ളപ്പൊക്കത്തിലും 483 പേർ മരിച്ചതായാണ് കണക്ക്. കേരളംകണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. തുടർച്ചയായ രണ്ടാം വർഷത്തിലും 2019ൽ സമാനമായ സാഹചര്യം കേരളം നേരിട്ടു.