News

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു; വിജയ ശതമാനത്തില്‍ വര്‍ദ്ധനവ്

പന്ത്രണ്ടാം ക്ലാസില്‍ 88.39 ശതമാനമാണ് വിജയം.

ഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യം പന്ത്രണ്ടാം ക്ലാസിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്കായിരുന്നു പത്താം ക്ലാസിന്റെ ഫലം പ്രഖ്യാപിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. വിജയിച്ചവരില്‍ 91.64 ശതമാനം പെണ്‍കുട്ടികളും 85.70% ആണ്‍കുട്ടികളുമാണ്. കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലയ്ക്കായിരുന്നു കൂടുതല്‍ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയ ശതമാനം 0.41% വര്‍ദ്ധിച്ചു.

2025 ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെ നടന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 18ന് അവസാനിച്ചപ്പോള്‍ , പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 4 ന് അവസാനിച്ചു. സിബിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ പരിശോധിക്കാന്‍ കഴിയും.

ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് 23,85,079 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത് അതില്‍ 23,71,939 പേര്‍ പരീക്ഷ എഴുതി. 22,21,636 പേര്‍ വിജയിച്ചു, ഇതോടെ മൊത്തം വിജയശതമാനം 93.66% ആയി. 2024 നെ അപേക്ഷിച്ച് വിജയം 0.06 ശതമാനം കൂടുതലാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 1.99 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയപ്പോള്‍, 45,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടി.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ തിരുവനന്തപുരം മേഖലയാണ് 99.79 ശതമാനം വിജയശതമാനത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. വിജയവാഡ, ബെംഗളൂരു, ചെന്നൈ, പൂനെ എന്നിവയാണ് തൊട്ടുപിന്നില്‍. സിബിഎസ്ഇ പുറത്തിറക്കിയ 17 ജില്ലകളുടെ പട്ടികയില്‍ ഗുവാഹത്തി ഏറ്റവും പിന്നിലാണ്. പന്ത്രണ്ടാം ക്ലാസ് ഫലത്തിലെന്നപോലെ, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളിലും പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയിച്ചവരില്‍ 95 ശതമാനമാനവും പെണ്‍കുട്ടികളാണ്, 92.63 ശതമാനമാണ് ആണ്‍കുട്ടികള്‍.