തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദ്ദനം. അഡ്വ. ശ്യാമിലി ജസ്റ്റിനെയാണ് ബെയ്ലിന് ദാസ് എന്ന സീനിയര്‍ അഭിഭാഷകന് മര്‍ദിച്ചത്. യുവതിയുടെ മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കാണാം. ഇന്ന് ഉച്ചയ്ക്ക് 12.30ന് വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുളള ഓഫീസില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
”സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും, അയാള്‍ ഇതിന് മുന്‍പും തന്നെ മര്‍ദ്ദിച്ചിട്ടുളളതായും ശ്യാമിലി പറഞ്ഞു. എന്നാല്‍ മര്‍ദ്ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ല . ബെയ്ലിന്റെ കൂടെ മറ്റൊരു ജൂനിയര്‍ വന്നിട്ടുണ്ട് അയാള്‍ മുന്‍പും ബെയ്ലിന്റെ കൂടെ ജോയി ചെയ്തിട്ടുണ്ട്. അയാള്‍ ശ്യമിലി ചെയ്യാത്ത കുറ്റത്തെ കുറിച്ച് ബെയ്ലിനോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ശ്യാമിലി രണ്ട് ദിവസം ഓഫീസില്‍ പോയില്ല. തുടര്‍ന്ന് ഈ വിഷയത്തില്‍ ബെയ്ലിന് ശ്യാമിലിയോട് ക്ഷമ ചോദിക്കുകയും, വീണ്ടും ഓഫീസിലേക്ക് പോകുകയുമായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെട്ടു. അതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചത്. നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് ഇയാള്‍ ശ്യാമിലിയെ ആഞ്ഞടിച്ചത്. അടിയുടെ ആഘാതത്തില്‍ ശ്യാമിലി നിലത്തുവീഴുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരും തന്നെ അടിക്കുന്നത് കണ്ടിട്ട് ബെയ്ലിനെ തടയാന്‍ വന്നില്ല. മൊപ് സ്റ്റിക് കൊണ്ടും ബെയ്ലിന്് മര്‍ദ്ധിച്ചു. എല്ലാവരുടെയും മുന്നില്‍ വെച്ച് മര്‍ദ്ദിക്കും എന്നിട്ട് അതെ സാഹചര്യത്തില്‍ ക്ഷമ പറയും. ദേഷ്യം വന്നാല്‍ ഫയലുകള്‍ മുഖത്ത് വലിച്ചെറിയും. ബെയ്ലിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ജൂനിയേഴ്സ് ഓഫീസില്‍ നിന്ന് പോയിട്ടുണ്ട്.”.-ശ്യാമിലി പറഞ്ഞു.
സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ബാര്‍ കൗണ്‍സിലിനും, ബാര്‍ അസോസിയേഷനും പൊലീസിലും പരാതി നല്‍കുമെന്നും ശ്യാമിലി പറഞ്ഞു. യുവതിയെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.