ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ട സമുച്ചയങ്ങളിലൊന്ന്. ഇത് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഗോല്‍ക്കൊണ്ട കോട്ട. മഹത്തായ ഭൂതകാലത്തിന്‍റെ സാക്ഷ്യം. വിവിധ രാജവംശങ്ങളുടെ ഉയർച്ചയുടേയും പതനത്തിന്റേയും കഥ ഈ കോട്ടയ്ക്ക് പറയാനുണ്ട്.
കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയുടെയും പഴമയുടെയും മായാത്ത അടയാളം. പടയോട്ടങ്ങളും ചോരപ്പാടുകളും ഏറെക്കണ്ട ഗോല്‍ക്കോണ്ട കോട്ടയിലേക്ക് സഞ്ചാരികളെ കൈപിടിച്ചു നടത്തുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. രഹസ്യങ്ങളും നിഗൂഢതയും കെട്ടുപിണഞ്ഞു കിടക്കുന്ന തുരങ്കങ്ങളും ലോകപ്രസിദ്ധങ്ങളായ രത്നങ്ങളുടെ സൂക്ഷിപ്പു കേന്ദ്രമായതും ചരിത്രത്തിലെ പടപ്പുറപ്പാടുകളുമെല്ലാം ഗോല്‍ക്കൊണ്ടയെ വ്യത്യസ്തമാക്കുന്നു.
വാസ്‌തു വിദ്യ സൗന്ദര്യം കൊണ്ടും, പൈതൃക ഘടനകൊണ്ടും, ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഗോല്‍ക്കൊണ്ട കോട്ടയ്ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ശ്രദ്ധേയമായ സ്ഥാനമാണ്. രജപുത്ര വാസ്‌തു വിദ്യയുമായി ബന്ധപ്പെട്ടാണ് കോട്ടയുടെ വാസ്‌തു വിദ്യയും, ഘടനയും ഒരുക്കിയിരിക്കുന്നത്. വാസ്‌തുവിദ്യ പ്രാധാന്യം കണക്കിലെടുത്ത് 1997 മുതല്‍ യുനെസ്കോ ഗോല്‍ക്കൊണ്ട കോട്ടയെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു
തെക്കേ ഇന്ത്യയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സ്ഥാനങ്ങളില്‍ ഒന്നാണ് ഗോല്‍ക്കോണ്ട കോട്ട. ഗോല്‍ക്കോണ്ടയുടെ ചരിത്രം തേടി ചെന്നാല്‍ എത്തിനില്‍ക്കുക അക്കാലത്തെ കുറേ ആട്ടിടയന്മാരിലാണ്. ഗോല്ല കോണ്ട അഥവാ ആട്ടിടയന്മാരുടെ കുന്ന് എന്നതില്‍ നിന്നുമാണ് ഗൊല്‍ക്കൊണ്ടയെന്ന പേരു ലഭിക്കുന്നത്. അവര്‍ പിന്നീട് അവിടെ കാളി വിഗ്രഹം കണ്ടെത്തുകയും ആരാധന നടത്തുകയും ചെയ്തു. കാലം പോകെ ഇവിടം കാകതീയ രാജവംശത്തിനു കീഴിലാവുകയും ഇന്നു കാണുന്ന കോട്ടയുടെ ആദ്യരൂപം അവര്‍ നിര്‍മ്മിക്കുകയും ചെയ്തു. ഗോല്‍കൊണ്ടയ്ക്ക് ചുറ്റുമുള്ള ഖനികള്‍ ലോകപ്രസിദ്ധങ്ങളായ രത്നങ്ങളുടെ സ്ഥാനമായിരുന്നു. കോഹിന്നൂര്‍ രത്നത്തിന്റെ ആദ്യ അവകാശികളായിരുന്ന കാകതീയ രാജവംശത്തിന് അതുകൊണ്ടുതന്ന വെല്ലുവിളികള്‍ ധാരാളമുണ്ടായിരുന്നു. മാറിവന്ന ഭരണങ്ങള്‍ ചേര്‍ന്ന് ഗോല്‍ക്കോണ്ടയെ പ്രത്യേകതയുള്ള ഒരിടമാക്കി മാറ്റി.
ഗോല്‍ക്കോണ്ടയുടെ ചരിത്രം രത്നങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. സമ്പന്നമായ ഭൂതകാലവും പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികളും എല്ലാം ചേര്‍ന്ന് ഗോല്‍ക്കോണ്ടയെ ഏറെ പ്രത്യേകതയുള്ളതാക്കുന്നു.
ചരിത്രം: എഡി 13-ാം നൂറ്റാണ്ടില്‍ കാകതീയ രാജാക്കന്മാരാണ് ഗോല്‍കൊണ്ട കോട്ടയുടെ നിർമാണത്തിന് തുടക്കമിട്ടത്. ഇടയൻ കുന്ന് എന്ന് അര്‍ത്ഥം വരുന്ന ‘ഗൊല്ല കൊണ്ട’ എന്നായിരുന്നു മണ്ണുകൊണ്ട് നിര്‍മ്മിച്ച ഈ കോട്ടയുടെ പേര്. പിന്നീട് പ്രതാപശാലികളായ ഖുതുബ് ഷാഹി രാജവംശം ‘ഗൊല്ല കൊണ്ട’ കീഴടക്കി.
മുഹമ്മദ് കുലി കുത്തബ് ഷായുടെ ഭരണത്തിൽ 1575-ല്‍ കോട്ട പുനര്‍നിര്‍മ്മിച്ചു. അദ്ദേഹം കോട്ടയ്ക്ക് ഗോൽക്കൊണ്ട എന്ന് നാമകരണം ചെയ്യുകയും ചെയ്‌തു. ഖുതുബ് ഷാഹികളുടെയും, നിസാമുകളുടെയും വസതിയായിരുന്നു ഈ മനോഹരമായ കൊട്ടാരം.
നവാബി സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കോട്ടയിൽ നിരവധി കൂട്ടിച്ചേർക്കലുകളും ഇതിനിടെ നടത്തി. 1687-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് കോട്ട പിടിച്ചെടുത്തതോടെ ഗോൽക്കൊണ്ടയിലെ ഖുതുബ് ഷാഹികളുടെ ഭരണം അവസാനിച്ചു.
കോട്ടയുടെ പ്രത്യേകതകള്‍: 400 അടി ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് ഗോൽക്കൊണ്ട കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇസ്‌ലാമിക-ഹിന്ദു വാസ്‌തുവിദ്യയുടെ മനോഹരമായ സമന്വയത്തിന്‍റെ ഉദാഹരണമാണ് കോട്ട. കോട്ടയുടെ മതിലുകൾക്ക് 87 കൊത്തളങ്ങളും, 8 കവാടങ്ങളും, 60 അടി വരെ ഉയരവുമുണ്ട്. രാജകുമാരിമാരുടെയും രാജ്ഞിമാരുടെയും മനോഹരവും വിശാലവുമായ വിശ്രമമുറികളും കോട്ടയില്‍ കാണാന്‍ സാധിക്കും. ലോകത്തിലെ ജനപ്രിയ വജ്രങ്ങളുടെയെല്ലാം ഉത്ഭവം ഗോൽക്കൊണ്ടയില്‍ നിന്നാണ്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊഹിനൂര്‍.
ചരിത്രമുറങ്ങുന്ന കോട്ട കാണാം: വർഷത്തിൽ ഏത് സമയത്തും ഗോൽക്കൊണ്ട കോട്ട സന്ദർശിക്കാമെങ്കിലും, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കോട്ടയിലേക്കുള്ള ടൂർ ആസൂത്രണം ചെയ്യുന്നതാണ് വിനോദസഞ്ചാരികൾക്ക് ഉചിതം. പ്രശസ്‌തമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വദിക്കണമെങ്കില്‍ വൈകുന്നേരങ്ങളിൽ കോട്ടയിലേക്ക് പോകണം.
അതേസമയം വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ഗോൽക്കൊണ്ട കോട്ട സന്ദർശിക്കുന്നത് ഒഴിവാക്കണം. വിസ്‌മയിപ്പിക്കുന്ന ശബ്‌ദ -പ്രകാശ പ്രദർശനം, കോട്ടയുടെ മുകൾ ഭാഗത്ത് നിന്നുള്ള മനോഹരമായ സൂര്യാസ്‌തമയ കാഴ്‌ച, സ്‌മാരകവുമായി ബന്ധപ്പെട്ട നിഗൂഢതകൾ എന്നിവയാണ് രാജ്യത്തും വിദേശത്തും കോട്ടയെ ജനപ്രീതി നേടാൻ സഹായിച്ചത്.
കോട്ടയ്ക്ക് ചുറ്റുമായുള്ള നാല് കവാടങ്ങളിലൂടെയും അകത്തേക്ക് പ്രവേശിക്കാനാകും. കോട്ടയിലെത്താൻ ഒരാൾക്ക് ആകെ എത്ര പടികൾ താണ്ടണം എന്ന് വ്യക്തമല്ലെങ്കിലും സന്ദർശകർ 366 പടികളിൽ കുറയാതെ കയറേണ്ടതുണ്ട്. നിലവിൽ കിഴക്ക് ഭാഗത്തെ ഗേറ്റ് മാത്രമാണ് സന്ദർശനത്തിനായി തുറന്നിരിക്കുന്നത്.
ജുമ മസ്‌ജിദ് റോഡില്‍ നിന്നാണ് കോട്ടയിലേക്കുള്ള പ്രധാന കവാടം ആരംഭിക്കുന്നത്. രണ്ട് പ്രവേശന കവാടങ്ങള്‍ കൂടിയുള്ള ഒരു വലിയ തുറന്ന സ്ഥലത്തേക്കാണ് ഇതുവഴി ചെന്നെത്തുക. ഇവിടെ നിന്നും കിഴക്കോട്ടും വടക്കോട്ടുമായി വീണ്ടും രണ്ട് കവാടങ്ങള്‍. ആദ്യ കവാടത്തിലൂടെ കയറിച്ചെല്ലുന്നത് മുഹമ്മദ് നബിയുടെ ആരാധനാലയത്തിലേക്കാണ്.
രണ്ടാമത്തെ കവാടം വഴി സരസ്വതി, ലക്ഷ്‌മി ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ചെറിയ ക്ഷേത്രത്തിലെത്താം. നവാബി വാസ്‌തുവിദ്യ ശൈലി പ്രകടമാക്കുന്ന ബാലാഹിസർ ദർവാസയാണ് പ്രാധാന്യമുള്ള മറ്റൊരു കവാടം.