Kerala

തട്ടിപ്പ് വീരൻ എന്‍ ഭാസുരാംഗന് ക്ഷീര സഹകരണ സംഘം തിരഞ്ഞെടുപ്പിൽ അവസരം നൽകാൻ ശ്രമം; സംഘം സെക്രട്ടറിക്ക് സസ്പെൻഷൻ | N Bhasurangan

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വേണ്ടി ദുരൂഹ നീക്കം നടത്തിയ ക്ഷീര സഹകരണ സംഘം സെക്രട്ടറിക്കെതിരെ നടപടി.

മാറനെല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ഉഷയെ സസ്പെൻ്റ് ചെയ്തു. എന്‍ ഭാസുരാംഗന് തിരഞ്ഞെടുപ്പിൽ അവസരം നൽകാൻ ശ്രമിച്ചതിലാണ് നടപടി. സംഭവത്തിൽ മന്ത്രി ചിഞ്ചു റാണി അന്വേണത്തിന് നിർദേശിച്ചതിന് പിന്നാലെയാണ് സഹകരണ സംഘം സെക്രട്ടറിക്കെതിരെ നടപടി എടുത്തത്.

കോടികളുടെ വെട്ടിപ്പ് നടത്തിയ എൻ ഭാസുരാംഗൻ പശുവിനെ വളർത്തുകയോ പാൽ അളക്കുകയോ ചെയ്യുന്നില്ലെന്ന് സർക്കാർ തന്നെ കണ്ടെത്തി സംഘത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസം 16 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒന്നാം നമ്പർ വോട്ടറായി ഭാസുരാംഗനെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി ഉൾപ്പെടുത്തിയത്.