Kerala

വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ; രോഷാകുലനായി പ്രതികരണവും | K U Jenishkumar MLA

പത്തനംതിട്ട: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ. കോന്നി പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് എല്‍എല്‍എ നേരിട്ടെത്തി മോചിപ്പിച്ചത്.

‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ, തോന്നിവാസം കാണിക്കരുത്, എടാ നീ ഒക്കെ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്ത്, എവിടെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ട്’, ജനീഷ് കുമാര്‍ ചോദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്‌സലുകള്‍ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിന് എടുത്തവര്‍ സോളര്‍ വേലിയില്‍ കൂടിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാന്‍ കാരണമെന്ന് വനം വകുപ്പിന്റെ സംശയം. ഇതേത്തുടര്‍ന്നാണ് സ്ഥലം പാട്ടത്തിനെടുത്തയാളുടെ സാഹയിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎല്‍എ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.