എക്കാലവും ആരാധകരുള്ള ചിത്രമാണ് കൽ ഹോ നാ ഹോ. 2003 ൽ എത്തിയ ചിത്രത്തിൽ ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. കാഴ്ച്ചകാരുടെ മനസിനെ തൊട്ടുണർത്തുന്ന സ്റ്റോറിലൈനും മനോഹരമായ ഗാനങ്ങളും ഒരു തലമുറയെ സ്വാധീനിച്ചതാണ്. എന്നാൽ ഇപ്പോഴിതാ സിനിമയെക്കുറിച്ച് പ്രീതി സിന്റ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ ആരാധകരോട് സംസാരിക്കുകയായിരുന്നു നടി.
ഓരോ തവണയും കൽ ഹോ ന ഹോ കാണുമ്പോൾ താൻ കരയാറുണ്ടെന്നാണ് ഒരു ആരാധകൻ നടിയോട് പറഞ്ഞത്. നിങ്ങൾ നൈന കാതറിൻ കപൂറിനെ അതിഗംഭീരമാക്കി. നിങ്ങളും ഞങ്ങളെ പോലെ ഈ സിനിമ കാണുമ്പോൾ കരയാറുണ്ടോ എന്നും ആരാധകൻ ചോദിച്ചു. ആ സിനിമ ഇപ്പോൾ കാണുമ്പോഴും താൻ കരയാറുണ്ടെന്നായിരുന്നു നടി ഇതിനു നൽകിയ മറുപടി. ആ ചിത്രം ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമാണെന്നും കാണുമ്പോൾ മാത്രമല്ല, അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി.
തന്റെ ആദ്യ കാമുകൻ ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു. അതുകൊണ്ട് ഈ ചിത്രം തന്നെ എപ്പോഴും മറ്റൊരു രീതിയിൽ സ്പർശിച്ചു. രസകരമായ വസ്തുത എന്താണെന്നാൽ മിക്ക രംഗങ്ങൾ ചിത്രീകരിക്കുമ്പോഴും എല്ലാ അഭിനേതാക്കളും കരഞ്ഞു എന്നതാണ്. അമൻ എന്ന കഥാപാത്രത്തിന്റെ മരണരംഗം എല്ലാവരേയും കരയിപ്പിച്ചുവെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.
content highlight: Kal Ho Na Ho