Celebrities

ഓരോ തവണയും കാണുമ്പോൾ കരയും; ആദ്യകാമുകൻ കാറപകടത്തിൽ മരിച്ചത് ആ സമയത്ത്; കൽ ഹോ ന ഹോ സിനിമയെ കുറിച്ച് നടി പ്രീതി സിന്റ | Kal Ho Na Ho

അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി

എക്കാലവും ആരാധകരുള്ള ചിത്രമാണ് കൽ ഹോ നാ ഹോ. 2003 ൽ എത്തിയ ചിത്രത്തിൽ ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. കാഴ്ച്ചകാരുടെ മനസിനെ തൊട്ടുണർത്തുന്ന സ്റ്റോറിലൈനും മനോഹരമായ ​ഗാനങ്ങളും ഒരു തലമുറയെ സ്വാധീനിച്ചതാണ്. എന്നാൽ ഇപ്പോഴിതാ സിനിമയെക്കുറിച്ച് പ്രീതി സിന്റ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ ആരാധകരോട് സംസാരിക്കുകയായിരുന്നു നടി.

ഓരോ തവണയും കൽ ഹോ ന ഹോ കാണുമ്പോൾ താൻ കരയാറുണ്ടെന്നാണ് ഒരു ആരാധകൻ നടിയോട് പറഞ്ഞത്. നിങ്ങൾ നൈന കാതറിൻ കപൂറിനെ അതിഗംഭീരമാക്കി. നിങ്ങളും ഞങ്ങളെ പോലെ ഈ സിനിമ കാണുമ്പോൾ കരയാറുണ്ടോ എന്നും ആരാധകൻ ചോദിച്ചു. ആ സിനിമ ഇപ്പോൾ കാണുമ്പോഴും താൻ കരയാറുണ്ടെന്നായിരുന്നു നടി ഇതിനു നൽകിയ മറുപടി. ആ ചിത്രം ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമാണെന്നും കാണുമ്പോൾ മാത്രമല്ല, അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി.

തന്റെ ആദ്യ കാമുകൻ ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു. അതുകൊണ്ട് ഈ ചിത്രം തന്നെ എപ്പോഴും മറ്റൊരു രീതിയിൽ സ്പർശിച്ചു. രസകരമായ വസ്തുത എന്താണെന്നാൽ മിക്ക രം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴും എല്ലാ അഭിനേതാക്കളും കരഞ്ഞു എന്നതാണ്. അമൻ എന്ന കഥാപാത്രത്തിന്റെ മരണരം​ഗം എല്ലാവരേയും കരയിപ്പിച്ചുവെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.

content highlight: Kal Ho Na Ho