Food

ആപ്പിളിന്റെ കുരു കഴിച്ചാൽ എന്തു സംഭവിക്കും ?

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ടെന്നാണ് പറയുക. പക്ഷേ ആപ്പിളിന്റെ ഉള്ളിലെ കുരുവിന്റെ കാര്യം അങ്ങനെയല്ല. ആപ്പിൾക്കുരുവിന്റെ എണ്ണം കൂടും തോറും അപകടകരമാണ്. ആപ്പിൾക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേർന്ന് സയനൈഡ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അമിഗ്ഡലിൻ എന്ന പദാർഥം ഉണ്ടാകുന്നു.

അമിഗ്ഡലിനിൽ അടങ്ങിയിരിക്കുന്ന സയനൈഡും ഷുഗറും ശരീരത്തിൽ പ്രവേശിച്ച് അതിന്റെ പ്രവർത്തന ഫലമായി ഹൈഡ്രജൻ സയനൈഡ് രൂപപ്പെടുന്നതിലൂടെ മരണം വരെ സംഭവിക്കാം. ‌

ആപ്പിൾ കഴിക്കുമ്പോൾ സാധാരണയായി ചില കുരുക്കൾ നമ്മുടെ വയറ്റിലെത്താം. അതൊന്നും ഒരിക്കലും കുഴപ്പമുള്ള കാര്യമല്ല. ചവച്ചരക്കാതെ വയറ്റിൽ എത്തുന്ന കുരുക്കൾ മൂലം സയനൈഡ് ഒന്നും ഉത്പാദിപ്പിക്കപ്പെടുന്നില്ല.

കുരുവിന്റെ കട്ടിയുള്ള പുറംതൊലി സാധാരണയായി ദഹിക്കാതെ പുറത്തുപോവുകയും അങ്ങനെ സയനൈഡ് പുറത്തുവിടാതെ ഇരിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഒരുപാട് കുരുക്കൾ ചവച്ചരച്ചോ പൊടിച്ചോ കഴിക്കുകയാണെങ്കിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ഒരു ഗ്രാം ആപ്പിൾ കുരുവിൽ നിന്ന് 0.06 മുതൽ 0.24 മില്ലി ഗ്രാം സയനൈഡ് വരെ ശരീരത്തിൽ എത്തും. കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും ആപ്പിൾ കൊടുക്കുമ്പോൾ കുരു മാറ്റിയിട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളരെ കുറച്ച് ആപ്പിൾ കുരു കഴിച്ചാൽ പേടിക്കേണ്ട കാര്യമില്ല. പക്ഷേ എണ്ണം കൂടും തോറും സൂക്ഷിക്കണം.

 

Tags: apple seed