Business

ബിഎല്‍എസിന്റെ ലാഭത്തില്‍ വന്‍കുതിപ്പ്

കൊച്ചി: വിസ, കോണ്‍സുലര്‍, ഡിജിറ്റല്‍ സേവന രംഗത്ത് ആഗോള പ്രശസ്തരായ ഇന്ത്യന്‍ സ്ഥാപനം ബിഎല്‍എസ് ഇന്റര്‍നാഷണല്‍ 2025 സാമ്പത്തിക വര്‍ഷം എക്കാലത്തേയും മികച്ച വരുമാന നേട്ടം കൈവരിച്ചു. വര്‍ഷാന്ത ഫലങ്ങളിലും നാലാം പാദ ഫലത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാനം 2,193.3 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 30.8 ശതമാനം വളര്‍ച്ച. 2025 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 58.7 ശതമാനം വളര്‍ന്ന് 17.3 കോടി രൂപയായി.

2025 സാമ്പത്തിക വര്‍ഷം പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച (EBITDA) തുടങ്ങിയവയ്ക്കു മുമ്പുള്ള ലാഭം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 82.1 ശതമാനം ഉയര്‍ന്ന് 629.3 കോടി രൂപയായി. EBITDA മാര്‍ജിന്‍ 2024 സാമ്പത്തിക വര്‍ഷത്തെ 20.6 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 28.7 ശതമാനമായി വര്‍ധിച്ചു. നികുതിക്കു ശേഷമുള്ള ലാഭം 539.6 കോടി രൂപയിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 325.6 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വര്‍ഷം കമ്പനി എക്കാലത്തേയും വലിയ സാമ്പത്തിക നേട്ടം കൈവരിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബിഎല്‍എസ് ഇന്റര്‍ നാഷണല്‍ സര്‍വീസസ് ലിമിറ്റഡ് ജോയിന്റ് മനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു. വിസ, കോണ്‍സുലര്‍ സേവനങ്ങളിലും ഡിജിറ്റല്‍ ബിസിനസുകളിലും ഉണ്ടായ വന്‍ കുതിപ്പാണ് ഈ വളര്‍ച്ചയ്ക്കാധാരമെന്ന് അദ്ദേഹം വിലയിരുത്തി.