മുതലപ്പൊഴിയിലെ മണല്‍ നീക്കവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ മത്സ്യതൊഴിലാളികളും സമരസമിതിയും. ഇന്ന് മുതല്‍ ഡ്രഡ്ജിങ് നടപടികള്‍ തുടങ്ങുമെന്ന് രേഖാമൂലം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എഴുതി നല്‍കിയിട്ട്, ഇന്ന് രാവിലെ മുതല്‍ ഡ്രഡ്ജിങ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും സമരസമിതി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
സമരസമിതിയുടെ പ്രതികരണം
”ഞങ്ങള്‍ രാവിലെ 9 മണിക്ക് തുടങ്ങിയ സമരമായിരുന്നു. വൈകുന്നേരം 3 മണി കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥരും സംസാരിക്കാനോ, ചര്‍ച്ചയ്ക്ക് വിളിക്കാനോ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ പ്രകോപിതരായത്. ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉത്തരവാദിതത്തോടെ ചെയ്യാതെ വരുമ്പോള്‍ ഞങ്ങള്‍ അതില്‍ ഇടപെടുക തന്നെ ചെയ്യും. പൊലീസിനെ വെച്ച് ഞങ്ങളെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ട, വിശപ്പിന് മുമ്പില്‍ മരണം ഞങ്ങള്‍ക്ക് പ്രശ്നമല്ല. ഇവിടത്തെ പ്രധാന വിഷയം വിശപ്പാണ്. ഇന്നലെ ഞങ്ങള്‍ ചര്‍ച്ച നടത്തിയപ്പോള്‍ രേഖമൂലം ഞങ്ങള്‍ക്ക് എഴുതി തന്നതാണ്. നാളെ മുതല്‍ 10- മണിക്കൂര്‍ ചന്ദ്രഗിരി ഡ്രഡ്ജര്‍ 10 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ 20 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞു. എക്സവേറ്ററുകളുടെ എണ്ണം കൂട്ടുമെന്ന് പറഞ്ഞു സമവായത്തില്‍ എത്തിയതായിരുന്നു. അതിനിടയിലാണ് ഞങ്ങളുടെ കൂടെയുളള ഒരു തൊഴിലാളിയുടെ കൈപിഴ കൊണ്ട് ജനല്‍ ചില്ല് തകര്‍ന്നു. ഒത്തുതീര്‍പ്പിനായി എക്സിക്യൂട്ടീവ് എന്‍ജിനീയറിനോട് ഞങ്ങള്‍ സംസാരിച്ചു. പക്ഷേ അദ്ദേഹം അത് കേട്ടില്ല. അദ്ദേഹത്തിന്റെ പിടിവാശിയിലാണ് ഇന്നലെ ഇവിടെ പൊലീസും മത്സ്യ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം. എന്നാല്‍ ഞങ്ങള്‍ക്ക് വഴിയൊരുക്കാം എന്ന് രേഖാമൂലം എഴുതി തന്നിട്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോകും”.
മണല്‍ നീക്കവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, സമരസമിതി നേതാക്കള്‍ എന്നിവരുമായി വെളളിയാഴ്ച വൈകുന്നേരം ചര്‍ച്ച നടത്തിയിരുന്നു. സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചെങ്കിലും, ഹാര്‍ബര്‍ എന്‍ജിനീയര്‍ ഓഫീസിലെ ജനല്‍ തകര്‍ത്ത മുജീബിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നായിരുന്നു സമരസമിതിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറായിരുന്നില്ല. അതേസമയം രണ്ട് ഡ്രഡ്ജറുകളും എക്സവേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് മണല്‍ നീക്കം നടത്തുക,മണല്‍ നീക്കപ്രവര്ത്തനങ്ങള് 20 മണിക്കൂര്‍ ആക്കുക, അഴിമുഖത്ത് വഈണുകിടക്കുന്ന ടേട്ട്രാപ്പോടുകള് എടുത്തുമാറ്റുന്ന പ്രവര്‍ത്തനം ആരംഭിക്കുക, ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉയര്‍ത്തുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മുതലപ്പൊഴിയില്‍ വന്നടിഞ്ഞ മണല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാരും, സമരസമിതിയും പ്രതിഷേധ സമരം നടത്തുകയാണ്. തുടര്‍ച്ചയായ പ്രതിശേധത്തിന് ഒടുവില്‍ മണല്‍നീക്കാന്‍ അഴീക്കല്‍ തുറമുഖത്ത് നിന്നും കൂറ്റന്‍ ഡ്രഡ്ജര്‍ എത്തിച്ചു. എന്നാല്‍ തുടക്കം മുതല്‍ ചന്ദ്രഗിരി ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം സാങ്കേതിക തകരാറുകള്‍ കാരണം പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമായിട്ടില്ല. ഡ്രഡ്ജര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അഴിമുഖത്തുണ്ടായിരുന്ന ചേറ്റുവായില്‍ നിന്നെത്തിച്ച ചെറിയ ഡ്രഡ്ജറിന്റെയും അഞ്ചോളം എസ്കവേറ്ററുകളുടെ പ്രവര്‍ത്തനം അവസാനിച്ചതോടെ മണല്‍നീക്കം പ്രതിസന്ധിയിലായി. ഇതോടെ തുറമുഖതീരത്ത് പ്രതിഷേധം കനക്കുകയും ചന്ദ്രഗിരിയോടൊപ്പം മറ്റു യന്ത്രങ്ങള്‍ ഉപയോഗിച്ചുളള തുടരണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ രംഗത്തെത്തി.